അരൂര്‍: ആലപ്പുഴയില്‍ കെട്ടിട നിര്‍മ്മാണം തടയാതിരിക്കാന്‍ കോഴ ആവശ്യപ്പെട്ട ബി.ജെ.പി നേതാവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പി.എച്ച് ചന്ദ്രനെതിരെയാണ് നടപടി.
പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ പ്രവര്‍ത്തനം നടത്തിയതിനാലാണ് നടപടിയെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. നേരത്തെ ചന്ദ്രന്‍ കോഴ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു.
കായല്‍ പ്രദേശത്തുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ കൊടികുത്തി തടയുമെന്നും, തടയാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നുമാണ് ബി.ജെ.പി അരൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ആവശ്യപ്പെട്ടിരുന്നത്. കൈതപ്പുഴ കായലിനോട് ചേര്‍ന്ന് പ്രഭാവതി എന്ന സ്ത്രീയുടെ കുടുംബസ്വത്തില്‍പ്പെട്ട സ്ഥലത്ത് അതിരുകെട്ടിയപ്പോഴാണ് ബി.ജെ.പി ഭീഷണിയുമായി രംഗത്തെത്തിയത്.
പരിസ്ഥിതി നിയമങ്ങളുടെ പേരു പറഞ്ഞാണ് ബി.ജെ.പി നേതാക്കള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാനെത്തുന്നത്. എന്നാല്‍ ആവശ്യപ്പെട്ട പണം നല്‍കുകയാണെങ്കില്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് യാതൊരു ബുദ്ധിമുട്ടുകളും നേരിടേണ്ടി വരില്ലെന്ന് ഇവര്‍ ഉറപ്പ് നല്‍കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
ഇതേത്തുടര്‍ന്ന് ചന്ദ്രനെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഒരു ലക്ഷം രൂപ നല്‍കിയാല്‍ നിര്‍മാണം തടയില്ലെന്ന് ഇയാള്‍ പറയുകയായിരുന്നു. വില പേശിയപ്പോള്‍ പതിനായിരം രൂപ കുറയ്ക്കാമെന്നു ഇയാള്‍ സമ്മതിക്കുകയും ചെയ്തിരുന്നു.