| Monday, 1st March 2021, 8:08 pm

അസമില്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് പറയാനുള്ള ധൈര്യമില്ല കേന്ദ്രസര്‍ക്കാരിന്; അസം ജനത എല്ലാം മനസ്സിലാക്കിക്കഴിഞ്ഞെന്ന് പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: വിവിധ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കണമെന്ന് പറയുന്ന കേന്ദ്രസര്‍ക്കാരിന് അസമില്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് പറയാനുള്ള ധൈര്യമുണ്ടാകില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ നിയമത്തിനെതിരെ അസം ജനത നടത്തിയ പ്രതിഷേധം കണ്ട് കേന്ദ്രസര്‍ക്കാര്‍ ഭയന്നിരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.

‘തെരഞ്ഞെടുപ്പ് പ്രചരണ ജാഥകളില്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ പ്രസംഗിക്കുന്നു. എന്നാല്‍ അസമില്‍ അതേക്കുറിച്ച് ഉച്ചരിക്കാന്‍ പോലുമുള്ള ധൈര്യമില്ല ബി.ജെ.പി നേതാക്കള്‍ക്ക്. കാരണം പൗരത്വ നിയമത്തെ പറ്റി സംസാരിക്കാന്‍ അസമിലെ ജനങ്ങള്‍ ആരെയും അനുവദിക്കില്ല. ജനങ്ങളുടെ ശക്തമായ നിലപാടിനുമുന്നില്‍ നേതാക്കള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല’, പ്രിയങ്ക പറഞ്ഞു.

അതേസമയം അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മഹാസഖ്യവും മറ്റ് ആറ് പാര്‍ട്ടികളും ചേര്‍ന്ന് അസമില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ജനങ്ങള്‍ ബി.ജെ.പിയുടെ വ്യാജ വാഗ്ദാനങ്ങളില്‍ മനം മടുത്തിരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.

‘തെരഞ്ഞെടുപ്പിന് മുമ്പ് വലിയ വാഗ്ദാനങ്ങളാണ് ബി.ജെ.പി മുന്നോട്ട് വെച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പറഞ്ഞവാക്ക് പൂര്‍ത്തിയാക്കാന്‍ അവര്‍ ശ്രമിച്ചിട്ടില്ല. ജനങ്ങള്‍ അക്കാര്യം മനസ്സിലാക്കിക്കഴിഞ്ഞു’, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് പ്രചരണവേദികളില്‍ ബി.ജെ.പിയുടെ സ്ഥിരം തന്ത്രമായി മാറിയിരിക്കുകയാണ് പൗരത്വം നിയമം. 2020 ഒക്ടോബറില്‍ പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പറഞ്ഞിരുന്നു. ബംഗാളില്‍ പൊതുജന സംവാദത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വൈകിയതെന്നും നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more