ശ്രീനഗര്‍: നവരാത്രി ദിനത്തില്‍ ട്വിറ്ററില്‍ പങ്കുവെച്ച കാര്‍ട്ടൂണിന്റെ പേരില്‍ കേസ് ചുമത്തപ്പെട്ട അഭിഭാഷക ദീപിക സിങ് രജാവത്തിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. സെക്ഷന്‍ 294,295-എ ഐ.പി.സി 505 (ബി) (2) എന്നിവ ചുമത്തിയാണ് ദീപകയ്‌ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തിയിരിക്കുന്നത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ വിരോധാഭാസം ചിത്രീകരിക്കുന്ന ഒരു കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന്റെ പേരിലാണ് ദീപകയ്‌ക്കെതിരെ കേസ് ചുമത്തയത്. ബി.ജെ.പി ഐ.ടി സെല്‍ തന്റെ ട്വീറ്റിന് വര്‍ഗീയ സ്വഭാവം നല്‍കുകയാണെന്ന് ദീപിക സിങ് പറഞ്ഞിരുന്നു.
നവരാത്രി സമയത്ത് ദേവിയെ ആരാധിക്കുകയും മറ്റു ദിവസങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ആക്രമണവും വ്യക്തമാക്കുന്നതായിരുന്നു ഇവര്‍ പങ്കുവെച്ച കാര്‍ട്ടൂണ്‍. വിരോധാഭാസം എന്ന ക്യാപ്ഷനോടെയാണ് ദീപിക കാര്‍ട്ടുണ്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെയായിരുന്നു ഇവര്‍ക്കെതിരെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഭീഷണിയുമായി എത്തിയത്.
ഹിന്ദുത്വ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായ ആക്രമണം ഭയപ്പെടുത്തുന്നതാണെന്ന് ഡൂള്‍ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ദീപ സിങ് പറഞ്ഞിരുന്നു.
”നമ്മുടെ രാജ്യത്ത് വിഭാഗീയത ഇത്ര ഭീകരമായല്ലോ എന്നോര്‍ത്ത് എനിക്ക് വിഷമവുമുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്, ആളുകള്‍ എന്തിനാണ് ഇങ്ങനെയെല്ലാം പെരുമാറുന്നത്. യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ എന്താണ് ഇവരാരും തയ്യാറാകാത്തത്,” അവര്‍ ചോദിച്ചു.
അര്‍ധരാത്രിയോടെ ഒരുസംഘം ഇവരുടെ വീട്ടിനു മുന്നില്‍ എത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. നിന്റെ ശവക്കുഴി ജമ്മുവിന്റെ മണ്ണില്‍ കുഴിക്കുമെന്നാണ് വീട്ടിനു മുന്നില്‍ തടിച്ചുകൂടിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്.
കത്വാ കൂട്ട ബലാത്സംഗ കേസില്‍, കൊല്ലപ്പെട്ട എട്ടു വയസ്സുകാരിക്ക് വേണ്ടി വാദിച്ച അഭിഭാഷകയാണ് ദീപികാ സിങ് രജാവത്ത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക