Kerala News
ബി.ജെ.പി കാസര്‍കോഡ് ജില്ലാ ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു; 'മറ്റൊരു നേതൃത്വത്തിലും ഇത്തരം പ്രവൃത്തിയുണ്ടാവില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Feb 20, 06:23 am
Sunday, 20th February 2022, 11:53 am

കാസര്‍കോഡ്: കാസര്‍കോഡ് ബി.ജെ.പി പാര്‍ട്ടി ജില്ലാ ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സി.പി.ഐ.എം- ബി.ജെ.പി കൂട്ടുകെട്ടിനെതിരെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നേരിട്ടെത്തി വിഷയത്തില്‍ പരിഹാരം കാണാണമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.

സി.പി.ഐ.എമ്മിനെ കൂട്ടുപിടിച്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒരാള്‍ക്ക് നേടി കൊടുക്കാന്‍ ശ്രമിച്ചുവെന്ന പരാതി പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.

വിഷയത്തില്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പില്‍ സുരേഷ് കുമാര്‍ ഷെട്ടി,ശ്രീകാന്ത്, മണികണ്ഠ റായ് തുടങ്ങിയ നേതാക്കളാണ് സി.പി.ഐ.എമ്മുമായി ഒത്തു കളിച്ചതെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്‍കുകയായിരുന്നുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.

ഇത്തരത്തിലൊരു പ്രവൃത്തി മറ്റൊരു നേതൃത്വത്തിലുണ്ടാകില്ലെന്നും സംസ്ഥാന പ്രസിഡന്റ് വിഷയത്തില്‍ ഇടപ്പെട്ടില്ലെന്നും അവര്‍ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ താഴ് കൊണ്ടുവന്ന് ഓഫീസ് പൂട്ടിയിരിക്കുകയാണ്.

പ്രതിഷേധത്തില്‍ ഇത്രയും പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് കരുതിയില്ലെന്നും സി.പി.ഐ.എമ്മുമായി ഒത്തുകളിച്ച നേതാക്കളെ പുറത്താക്കണമെന്നും ബി.ജെ.പി കാസര്‍കോഡ് ജില്ല മണ്ഡലം സെക്രട്ടറി കെ. ശങ്കര്‍ പറഞ്ഞു.


Content Highlights: BJP Kasargod district office workers blockaded