കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ മത്സരിക്കാനിരുന്ന ബി.ജെ.പി. പ്രസിഡന്റ് എന്‍. ഹരിദാസിന്റെ നാമനിര്‍ദേശപത്രിക തള്ളിപ്പോയത് ജില്ലാ കമ്മിറ്റിയുടെ ഗുരുതരമായ വീഴ്ചയാണെന്ന് ബി.ജെ.പി. യോഗത്തില്‍ വിമര്‍ശനം. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, എം.ടി രമേശ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത വെബിനാര്‍ യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്.
സാധാരണ വക്കീലന്‍മാര്‍ പരിശോധിച്ചാണ് പത്രിക പൂര്‍ത്തിയാക്കുക. പിന്നെ, എന്തുകൊണ്ട് ഇത് സംഭവിച്ചു എന്ന ചോദ്യവും ഉയര്‍ന്നു. മുന്‍ പ്രസിഡന്റുമാരായ കെ. രഞ്ചിത്ത്, പി. സത്യപ്രകാശ് എന്നിവര്‍ ഇക്കാര്യം സൂചിപ്പിച്ചു.
പ്രസിഡന്റിന്റെ പത്രിക തള്ളിയ നാണക്കേടിനുപുറമേ തലശ്ശേരിയില്‍ എന്തുനിലപാട് എടുക്കണമെന്ന കാര്യത്തിലും തെറ്റിദ്ധാരണകള്‍ ഉണ്ടായി. സംസ്ഥാനനേതൃത്വവും ജില്ലാനേതൃത്വവും വ്യത്യസ്ത അഭിപ്രായം പറഞ്ഞത് ആശയക്കുഴപ്പത്തിനിടയാക്കിയെന്നും വിമര്‍ശനമുയര്‍ന്നു.
സി.ഒ.ടി. നസീര്‍ പിന്തുണ വേണ്ടെന്നുപറഞ്ഞിട്ടും സംസ്ഥാന നേതൃത്വം പിന്തുണ നല്‍കാനാണ് പറഞ്ഞത്. ഇത് അണികളില്‍ത്തന്നെ എതിര്‍പ്പിനിടയാക്കി എന്നും പരാതി ഉയര്‍ന്നു.
യോഗത്തില്‍ പ്രസിഡന്റിന്റെ മറുപടി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും സമയം വൈകിയെന്നു പറഞ്ഞ് യോഗം അവസാനിപ്പിക്കുകയായിരുന്നു.
നേരത്തെ കോഴിക്കോട്ടെ നേതൃയോഗത്തിലും സംസ്ഥാന നേതൃത്വത്തിനും വി. മുരളീധരനുമെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. വിമര്‍ശനം ശക്തമായതോടെ മുരളീധരന്‍ ഓണ്‍ലൈന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.
ബി.ജെ.പി തിരുവനന്തപുരം ജില്ലാ നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കവും വാര്‍ത്തയായിരുന്നു. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, എസ്. സുരേഷ്, ജെ. ആര്‍ പത്മകുമാര്‍ എന്നിവര്‍ തമ്മിലായിരുന്നു വാക്പോര്. മണ്ഡലം പ്രസിഡന്റുമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ എല്ലായിടത്തും എന്‍.എസ്.എസ് വോട്ടുകള്‍ ചോര്‍ന്നുവെന്നും വിലയിരുത്തലുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക