ചണ്ഡീഗഡ്: ഹരിയാനയിലെ ബി.ജെ.പി-ജെ.ജെ.പി സഖ്യ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്. എല്ലാവരും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന ഈ സാഹചര്യത്തില്‍ മദ്യം നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ തുറക്കാനാണ് സര്‍ക്കാരിന് വഗ്രതയെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി.
‘ഗട്ടര്‍-ചൗടാല സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് രണ്ടരക്കോടി ജനങ്ങളുടെ സുരക്ഷയിലാണ്. എന്നാല്‍ അവരിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മദ്യ നിര്‍മ്മാണ ശാലകള്‍ തുറക്കുന്നതിലാണ്’, സുര്‍ജേവാല വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലോക്ഡൗണ്‍ നീട്ടുന്ന കാലയളവില്‍ മദ്യശാലകള്‍ തുറക്കുന്നതിന് ഭാഗികമായ ഇളവ് വരുത്തിയേക്കുമെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന മാര്‍ഗമാണ് മദ്യ ശാലകളെന്നും ഇക്കാരണത്താല്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നും ചില മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന കാലത്ത് സര്‍ക്കാര്‍ പ്രാഥമിക മുന്‍ഗണന നല്‍കേണ്ടത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ്. നമ്മുടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥര്‍, അവശ്യ സേവന ജീവനക്കാര്‍ തുടങ്ങിയവകരുടെ സുരക്ഷാ ഉപകരണങ്ങളായ മാസ്‌കുകളും മറ്റും ഉടനടി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് സുര്‍ജേവാല ആരോപിച്ചു.
‘ഹരിയാനയിലെ ജനങ്ങളുടെ ക്ഷേമത്തിനായാണോ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്? അതോ മദ്യ ഡിസ്റ്റിലറി ഉടമകളുടെയും മൊത്ത, റീട്ടെയില്‍ ഓപ്പറേറ്റര്‍മാരുടെയും ലാഭത്തിനായാണോ പ്രവര്‍ത്തിക്കുന്നത്? ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കിയേ തീരൂ’, അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ