| Saturday, 13th April 2019, 11:21 am

ബീഹാറില്‍ പൊതുയോഗത്തില്‍ പരസ്യമായി തമ്മിലടിച്ച് ബി.ജെ.പി- ജെ.ഡി.യു പ്രവര്‍ത്തകര്‍; കസേരകള്‍ വലിച്ചെറിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹിജാപൂര്‍: രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട് പൊതുയോഗത്തില്‍ ബി.ജെ.പി ജെ.ഡി.യു പ്രവര്‍ത്തകര്‍ക്കിടയില്‍ തമ്മിലടി. ബീഹാറിലെ ഹിജാപൂരിലാണ് സംഭവം.

രാമക്ഷേത്രമെന്നതല്ല തെരഞ്ഞെടുപ്പിലെ സുപ്രധാന തന്ത്രം എന്ന് ജെ.ഡി.യു നേതാവ് സഞ്ജയ് വര്‍മ്മ പറഞ്ഞതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു.

തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ മേശമേല്‍ ചാടിക്കയറുകയും കസേരകള്‍ വലിച്ചെറിയുകയും വേദിയിലേക്ക് ഓടിക്കയറുകയും ചെയ്തു. സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി നേതാവ് പശുപതി കുമാര്‍ ഇരുവിഭാഗത്തേയും അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

‘ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്നത് മാധ്യമങ്ങള്‍ കാണുകയാണ്, പ്രദേശവാസികള്‍ ഒന്നിന്റെ പേരിലും രോഷം കൊള്ളുന്നില്ല’ എന്നാണ് പശുപതി കുമാര്‍ പറഞ്ഞത്.

രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ബി.ജെ.പിക്കും ജെ.ഡി.യുവിനും ഇടയില്‍ അഭിപ്രായ ഭിന്നതകളുണ്ട്. ഏപ്രില്‍ 14ന് ജെ.ഡി.യു പുറത്തിറക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഈ വിഷയങ്ങളിലെ ജെ.ഡി.യുവിന്റെ അഭിപ്രായ ഭിന്നത വെളിവാക്കുന്നതാണ്.

‘ജെ.ഡി.യുവിനും ബി.ജെ.പിക്കും വ്യത്യസ്തമായ കാഴ്ചപ്പാടാണ്. നേരത്തെ ഞങ്ങള്‍ ദേശീയ പൗരത്വ പട്ടികയെ എതിര്‍ത്തിരുന്നു. ഇപ്പോഴും എതിര്‍ക്കുന്നു, ഭാവിയിലും എതിര്‍ക്കും.’ അഭിപ്രായ ഭിന്നത വെളിവാക്കി ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു. മതത്തിന്റെ സാമുദായിക വികാരങ്ങളുടെയും പേരില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനെ അദ്ദേഹം അപലപിക്കുകയും ചെയ്തു.

‘ 40-45 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഈ രീതിയില്‍ ലംഘിക്കപ്പെടുന്നത് ഒരിക്കല്‍ പോലും കണ്ടിട്ടില്ല.’ ത്യാഗി പറഞ്ഞു.

We use cookies to give you the best possible experience. Learn more