ബെംഗളൂരു: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും ജനതാദളും സഖ്യം ചേരാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സഖ്യത്തിന്റെ ഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജെ.ഡി(എസ്) മേധാവി എച്ച്.ഡി. ദേവഗൗഡ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ടതായി റിപ്പോര്‍ട്ട്. വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
1996, 1997 കാലഘട്ടങ്ങളില്‍ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി ദേവ ഗൗഡ കര്‍ണാടകയില്‍ അഞ്ച് ലോക് സഭാ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാണ്ഡ്യ, ഹാസന്‍, തുംകുരു, ചിക്കബല്ലാപ്പൂര്‍, ബെംഗളൂരു റൂറല്‍ എന്നിവയാണ് ജെ.ഡി.എസ് ചോദിക്കുന്ന അഞ്ച് ലോക്സഭാ സീറ്റുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ദേവഗൗഡയും മകന്‍ എച്ച്.ഡി കുമാരസ്വാമിയും ജെ.ഡി(എസ്) കക്ഷികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ബി.ജെ.പിക്ക് നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനുള്ള സാധ്യത നിഷേധിച്ച് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി സ്വതന്ത്രമായി മത്സരിക്കുമെന്ന് ദേവഗൗഡ ജൂലൈയില്‍ പറഞ്ഞിരുന്നു. തങ്ങള്‍ അഞ്ചോ ആറോ, മൂന്നോ, രണ്ടോ, ഒന്നോ സീറ്റുകള്‍ നേടിയാലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കുമെന്നും ദേവഗൗഡ പറഞ്ഞിരുന്നു.
കര്‍ണാടകയില്‍ ആകെ 28 ലോക്സഭാ മണ്ഡലങ്ങളുണ്ട്. 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 25 സീറ്റുകള്‍ നേടി. കോണ്‍ഗ്രസും ജെ.ഡി.എസും ഓരോ സീറ്റ് വീതം നേടി. ജെ.ഡി(എസ്) കോട്ടയായ ഹാസനില്‍ ദേവഗൗഡയുടെ ചെറുമകന്‍ പ്രജ്വല് രേവണ്ണ വിജയിച്ചിരുന്നു.
Content Highlights: BJP-JDS alliance in Karnataka for Lok Sabha polls