| Friday, 7th January 2022, 8:44 am

സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണത്തിനും ഹാഷ് ടാഗ് ട്രെന്റുകള്‍ സൃഷ്ടിക്കാനും ബി.ജെ.പി ഐ.ടി സെല്ലിന് രഹസ്യ ആപ്പ്; നിര്‍ണായക വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചരണത്തിനും ഹാഷ് ടാഗ് ട്രെന്റുകള്‍ സൃഷ്ടിക്കാനും ബി.ജെ.പി ഐ.ടി സെല്ലിന് രഹസ്യ ആപ്പ് ഉണ്ടെന്ന് റിപ്പോര്‍ട്ട്.

ദേശീയ മാധ്യമമായ ദി വയര്‍ ആണ് ഇത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത്. നിലവിലെ ഓണ്‍ലൈന്‍ ട്രെന്റുകള്‍ എന്താണെന്ന് മനസിലാക്കാനും വിദ്വേഷ പ്രചാരണങ്ങളും ട്രോളുകളും പ്രചരിപ്പിക്കാനും, ബി.ജെ.പി അനുകൂല ഹാഷ് ടാഗ് ട്രെന്റുകള്‍ സൃഷ്ടിക്കാനുമാണ് ആപ്പ് ഉപയോഗിക്കുന്നത്.

ടെക് ഫോഗ് എന്ന് പേരിട്ടിരിക്കുന്ന ആപ്പാണ് ബി.ജെ.പിയുടെ ഐ.ടി സെല്‍ രൂപീകരിച്ചിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഒരു പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പിന്റെ സഹായത്തോടെയാണ് ആപ്പ് രൂപീകരിച്ചതെന്നാണ് സംശയം.

സംഘപരിവാറിന് അനുകൂലമായ ട്രെന്റുകള്‍ സൃഷ്ടിക്കുന്നതും വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നതും വ്യക്തികള്‍ വഴിയല്ലെന്നും ആപ്പ് നേരിട്ടാണെന്നുമുള്ളതാണ് ഞെട്ടിക്കുന്ന വിവരം.

ബി.ജെ.പി ഐ.ടി സെല്ലും ബി.ജെ.പിയുടെ യുവജന വിഭാഗമായ ഭാരതീയ യുവമോര്‍ച്ചയുമാണ് ആപ്പിന് പിന്നില്‍ എന്നും റിപ്പോര്‍ട്ട് പറയുന്നു. ഐ.ടി സെല്ലില്‍ നിന്ന് പുറത്തുവന്ന ഒരു വ്യക്തി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദി വയര്‍ റിപ്പോര്‍ട്ടര്‍മാര്‍ ആയ ആയുഷ്മാന്‍ കൗളും ദേവെശ് കുമാറും രണ്ട് വര്‍ഷത്തോളമെടുത്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സോഷ്യല്‍ മീഡിയയില്‍ ടെക്സ്റ്റുകള്‍ സ്വയമേവ അപ്ലോഡ് ചെയ്യാനും, ട്വിറ്റര്‍ അടക്കമുള്ള ട്രെന്‍ഡ്സ് എന്ന ഹാഷ്ടാഗ് നിര്‍മ്മിക്കാനും ഈ ആപ്പിന് കഴിയും.

ഐ.ടി സെല്‍ തീരുമാനിക്കുന്ന ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ട്വിറ്ററിന്റെ ‘ട്രെന്‍ഡിംഗ്’ വിഭാഗം ഹൈജാക്ക് ചെയ്യുക, ബി.ജെ.പിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഒന്നിലധികം വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, ബി.ജെ.പിയെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഓണ്‍ലൈന്‍ വഴി അധിക്ഷേപിക്കുക എന്നിവയ്ക്ക് ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

ചില ട്വീറ്റുകളും പോസ്റ്റുകളും ഓട്ടോ റീട്വീറ്റ് ചെയ്തും ഓട്ടോ ഷെയര്‍ ചെയ്തും ട്രെന്റിംഗ് സൃഷ്ടിക്കാന്‍ ആപ്പിന് കഴിയും. .വ്യക്തികളുടെ നിലവില്‍ ഉപയോഗിക്കാത്ത വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഹൈജാക് ചെയ്യാനും വിവിധ നമ്പറുകളിലേക്ക് സന്ദേശങ്ങള്‍ അയക്കാനും ആപ്പ് ഉപയോഗിച്ചുന്നു.

ഇതിന് പുറമെ ആളുകളുടെ സ്വഭാവം, പ്രായം, തൊഴില്‍, രാഷ്ട്രീയം എന്നിവ മനസിലാക്കി ഓട്ടോ റിപ്ലെയായി അധിക്ഷേപ സന്ദേശങ്ങള്‍ അയക്കാനും ആപ്പിന് കഴിയും.

സോഷ്യല്‍ മീഡിയയില്‍ ഐ.ടി സെല്ലിന് വേണ്ടി വിദ്വേഷ പ്രചരണം നടത്തുന്ന എല്ലാ അക്കൗണ്ടുകളും ഒറ്റയടിക്ക് ഇല്ലാതാക്കാനോ, റീമാപ്പ് ചെയ്ത് മറ്റൊരു അക്കൗണ്ട് ആക്കി മാറ്റാനോ ആപ്പിന് കഴിയും. വിദ്വേഷപ്രചാരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തില്‍ കേസുകള്‍ വന്നാല്‍ തെളിവുകള്‍ എളുപ്പത്തില്‍ നശിപ്പിക്കാനാണിത്.

ഇതിന് പുറമെ വ്യാപക വിദ്വേഷ പ്രചരണങ്ങളും വ്യാജ വാര്‍ത്തകളും പങ്കുവെയ്ക്കാന്‍ ഷെയര്‍ ചാറ്റ് പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

BJP IT cell secret app to spread hate speech and create hashtag trends on social media; Report with critical disclosure

We use cookies to give you the best possible experience. Learn more