| Thursday, 19th February 2015, 3:23 pm

മോദിയുടെ ഏകാധിപത്യനയങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ഐ.ടി വിഭാഗം സ്ഥാപകനേതാവ് രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടേയും ഏകാധിപത്യ നയങ്ങളില്‍ പ്രതിഷേധിച്ച് യുവ ബി.ജെ.പി നേതാവും ബി.ജെ.പിയുടെ ഐ.ടി സെല്‍ സ്ഥാപകനേതാവുമായ അസം പ്രദ്യുത് ബോറ രാജിവെച്ചു.

നാഷണല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഇദ്ദേഹം രാജിവെച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ നിലപാടും പ്രവര്‍ത്തനങ്ങളും അടിയറവുവെക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. ഇത് ഒരു രാഷ്ട്രീയപാര്‍ട്ടിയേ അല്ല. ബി.ജെ.പിക്ക് കീഴിലുള്ള ഈ ഭരണത്തില്‍  വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

ബി.ജെ.പി എന്നത് വ്യത്യസ്തതയുള്ള ഒരു പാര്‍ട്ടിപോലുമല്ലാതെ മാറിയിരിക്കുന്നുവെന്നും ഇദ്ദേഹം ആരോപിച്ചു.ഒരു രാഷ്ട്രീയ ബദല്‍ നിലവില്‍ വരേണ്ട സാഹചര്യം വന്നിരിക്കുന്നു. അല്ലെങ്കില്‍ അക്കാര്യം ജനങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമെന്നും ബോറ പറയുന്നു.

മോദിയുടെയും അമിത്ഷായുടെയും ഏകാധിപത്യ നയങ്ങളേയും രാജിക്കത്തില്‍ ഇദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തന്നെ മോദി അപകടപ്പെടുത്തിരിക്കുന്നു.

മന്ത്രിസഭ എന്ന സംവിധാനത്തെ തന്നെ നരേന്ദ്ര മോദി അട്ടിമറിച്ചു. എല്ലാം നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ്ആണ്. സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍മാരെ നിയമിക്കാനുള്ള അനുവാദം പോലും മന്ത്രിമാര്‍ക്കില്ല. അധികാരം വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്നത് നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്നും രാജിക്കത്തില്‍ബോറ കുറ്റപ്പെടുത്തി.

തീരുമാനമെടുക്കുന്ന കാര്യത്തില്‍ അമിത്ഷായുടെ ഏകാധിപത്യ സ്വഭാവത്തേയും ഇദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. പാര്‍ട്ടിയുടെ താഴെതട്ടില്‍ നൂറുകണക്കിന്അമിത്ഷാമാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവര്‍ക്കൊക്കെയും അമിത്ഷായേക്കാള്‍ പത്തിരട്ടി ധാര്‍ഷ്ട്യവുമുണ്ടെന്നും ബോറ പറയുന്നു.

മോദിയുടെ ജനാധിപത്യവിരുദ്ധതയില്‍ പ്രതിഷേധിച്ച് ബി.ജെ.പിയിലുണ്ടാകുന്ന ആദ്യ രാജി കൂടിയാണ് ബോറയുടേത്.

We use cookies to give you the best possible experience. Learn more