തിരുവനന്തപുരം: കൊച്ചി വാട്ടര്‍ മെട്രോ കേന്ദ്ര പദ്ധതിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരണം. 1200 കോടിക്കടുത്ത് ചെലവ് വരുന്ന പദ്ധതിയില്‍ 819 കോടിയും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നതെന്ന തരത്തിലാണ് ഐ.ടി സെല്ലുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
819 കോടിയുടെ കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് പരിസ്ഥിത മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ലഭിച്ചെന്ന ദി ഹിന്ദു ബിസിനസ് ലൈനില്‍ വന്ന വാര്‍ത്തയുടെ ലിങ്കോട് കൂടിയാണ് കേന്ദ്ര സര്‍ക്കാരാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന പ്രചരണവുമായി കേന്ദ്രസര്‍ക്കാര്‍ അനുകൂല ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ വക ഫണ്ടൊന്നും ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. ആകെ 1137 കോടി രൂപ ചെലവില്‍ യാഥാര്‍ത്ഥ്യമാക്കിയ കൊച്ചി വാട്ടര്‍ മെട്രൊ പ്രൊജക്ടില്‍ 819 കോടി രൂപ കേരള സര്‍ക്കാരാണ് വഹിച്ചത്. ബാക്കി തുക ജര്‍മന്‍ ഫണ്ടിങ് ഏജന്‍സിയായ കെ.എഫ്.ഡബ്യൂവിന്റെ നിക്ഷേപവുമാണ്. ഇതിനിടയിലാണ് പദ്ധതിക്കാവശ്യമായ ഫണ്ടിന്റെ 74 ശതമാനവും കേന്ദ്ര സര്‍ക്കാരാണ് നല്‍കിയതെന്ന വ്യാജ പ്രചരണം വ്യാപകമാവുന്നത്.
തിങ്കളാഴ്ച പ്രധാനമന്ത്രി പങ്കെടുത്ത കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. മെച്ചപ്പെട്ട ഗതാഗത സൗകര്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൂര്‍ണമായും കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ത്തിയാക്കിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കേരള സര്‍ക്കാരിന്റെ നിക്ഷേപവും ജര്‍മ്മന്‍ ഏജന്‍സിയായ കെ.എഫ്.ഡബ്ല്യൂവിന്റെ വായ്പയും ഉള്‍പ്പെടെ 1136 കോടി 83 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് കൊച്ചി വാട്ടര്‍ മെട്രൊ പൂര്‍ത്തിയാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്.
കൊച്ചി നഗരത്തിലെ ഗതാഗത തിരക്ക് കുറക്കാനും സംസ്ഥാനത്തെ ടൂറിസ്റ്റ് വികസനവും മുന്‍ നിര്‍ത്തി കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ, ഇന്ത്യയിലെ തന്നെ ആദ്യത്തെ വാട്ടര്‍ മെട്രോ പദ്ധതിയാണ് കൊച്ചിയിലേത്.
Content Highlight: bjp it cell fake news about kochi water metro