|

ഹരിയാന കോണ്‍ഗ്രസില്‍ കാസ്റ്റിങ് കൗച്ച്; വീഡിയോയുമായി അമിത് മാളവ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹരിയാന കോണ്‍ഗ്രസില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്ന ആരോപണവുമായി ബി.ജെ.പി ഐ.ടി സെല്‍ ദേശീയ കണ്‍വീനര്‍ അമിത് മാളവ്യ. കോണ്‍ഗ്രസ് എം.എല്‍.എ ശാരദ റാത്തോഡ് ഒരു യോഗത്തിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് ബി.ജെ.പി നേതാവിന്റെ ആരോപണം.

തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയത് ശരീരവും പണവും അടിസ്ഥാനമാക്കിയാണെന്നാണ് ശാരദ റാത്തോഡ് വീഡിയോയില്‍ പറയുന്നത്. പ്രസ്തുത വീഡിയോ എക്സില്‍ പങ്കുവെച്ചാണ് അമിത് മാളവ്യ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

ഹരിയാനയില്‍ നിന്ന് രണ്ട് തവണ എം.എല്‍.എയായ നേതാവാണ് ശാരദ റാത്തോഡ്. നമ്മുടെ സഹോദരിമാരും പെണ്‍മക്കളും ഇത്തരത്തില്‍ ചൂഷണം നേരിടുന്നുണ്ടെങ്കില്‍ വിഷയം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞുകൊണ്ടാണ് അമിത് മാളവ്യ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹരിയാനയിൽ ഒക്ടോബർ അഞ്ചിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ ബി.ജെ.പിയുടെ കാസ്റ്റിങ് കൗച്ച്‌ ആരോപണം.

നേരത്തെ കേരളത്തിലും കോണ്‍ഗ്രസില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്ന് മുന്‍ എ.ഐ.സി.സി നേതാവായിരുന്ന സിമി റോസ്ബെല്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ നല്‍കിയ പരാതിക്ക് പിന്നാലെ സിമിയെ കെ.പി.സി.സി പുറത്താക്കിയിരുന്നു.

പാര്‍ട്ടിയില്‍ തഴയാന്‍ ശ്രമിച്ചുവെന്നും തടസപ്പെടുത്തിയെന്നുമാണ് സിമി ഉയര്‍ത്തിയ പ്രധാന ആരോപണം. കെ.പി.സി.സി പ്രസിഡന്റും രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും ഉള്‍പ്പെടെയുള്ളവര്‍ തന്നെ അനുകൂലിക്കുന്നു. എന്നാല്‍ വി.ഡി. സതീശൻ തന്നെ അവഗണിക്കുകയാണെന്നും സിമി പറഞ്ഞിരുന്നു.

ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, പി.കെ. ജയലക്ഷ്മി, ദീപ്തി മേരി വര്‍ഗീസ്, ആലിപ്പറ്റ ജമീല, കെ.എ. തുളസി, ജെബി മേത്തര്‍ എം.പി എന്നിവരാണ് സിമിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തെ സമീപിച്ചത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ സിമി റോസ്ബെല്‍ ജോണ്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ചെന്നും ഇതില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കള്‍ പരാതി നല്‍കിയത്.

ഇതിനുപിന്നാലെയാണ് ഹരിയാന കോണ്‍ഗ്രസിലും കാസ്റ്റിങ് കൗച്ചുണ്ടെന്ന ആരോപണം ഉയരുന്നത്. ഇന്നലെ (ശനിയാഴ്ച) തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ കോണ്‍ഗ്രസ് എം.പി സെല്‍ജ കുമാരിയെ കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു.

എന്നാല്‍ ഹരിയാന കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതികരിക്കുകയും ചെയ്തു.

Content Highlight: BJP IT Cell Convener Amit Malviya Alleged Casting Couch in Haryana Congress

Video Stories