ന്യൂദല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിക്ക് പിന്തുണയുമായി ബി.ജെ.പി നേതൃത്വം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് അദ്വാനിയെ ഫോണില്‍ വിളിച്ച പാര്‍ട്ടിയുടെ പിന്തുണ അറിയിച്ചത്.
Also read ‘അപ്പാനി രവി’ മോഹന്‍ലാല്‍ ചിത്രത്തിലേക്ക്; കൂട്ടിന് ‘ലിച്ചിയും’
89കാരനായ മുതിര്‍ന്ന നേതാവിനെതിരായ കേസ് പുനസ്ഥാപിക്കപ്പെട്ട സാഹചര്യത്തില്‍ ടെലിഫോണില്‍ ബന്ധപ്പെട്ടാണ് അമിത് ഷാ പിന്തുണ അറിയിച്ചത്. ഇന്നലെ വൈകിട്ട് ടെലിഫോണിലൂടെയാണ് അമിത് ഷാ അദ്വാനിയുമായി സംസാരിച്ചതെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
പാര്‍ട്ടി നിങ്ങളോടൊപ്പം ഉണ്ടെന്നാണ് ദേശീയ അധ്യക്ഷന്‍ അദ്വാനിയോട് പറഞ്ഞിരിക്കുന്നത്. ഇന്നലെയാണ് സുപ്രീം കോടതി ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്, കേന്ദ്രമന്ത്രി ഉമാ ഭാരതി എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെ ഗൂഢാലോചന കുറ്റം പുനഃസ്ഥാപിച്ചത്.
മസ്ജിദ് തകര്‍ത്തതു സംബന്ധിച്ച് അദ്വാനിയും ജോഷിയുമുള്‍പ്പെടെ എട്ടുപേര്‍ക്കെതിരെയുള്ള കേസ് റായ്ബറേലി കോടതിയില്‍നിന്നു ലഖ്നൗവിലേക്കു മാറ്റാന്‍ ഭരണഘടനയുടെ 142-ാം വകുപ്പുപ്രകാരമുള്ള സവിശേഷാധികാരം സുപ്രീം കോടതി ഉപയോഗിക്കുകയായിരുന്നു.
സംഭവവുമായ് ബന്ധപ്പെട്ട കേസുകളെല്ലാം ലഖ്നൗവിലെ പ്രത്യേക കോടതി പരിഗണിക്കുകയും രണ്ടു വര്‍ഷത്തിനുള്ളില്‍ വിധി പറയണമെന്നുമാണ് കോടതി വിധിച്ചിരിക്കുന്നത്.