ശ്രീനഗര്‍: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിലെ ഹിന്ദു വോട്ടര്‍മാരില്‍ വ്യാജഭീതി സൃഷ്ടിച്ച് ഭയപ്പെടുത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അതിനുവേണ്ടിയാണ് ഉന്നതരായ ബി.ജെ.പി നേതാക്കള്‍ ജമ്മുവില്‍ തന്നെ പ്രചരണം നടത്തുന്നതെന്നും ഫാറൂഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം വിജയിച്ചാല്‍ വീണ്ടും ഭീകരവാദമുയരുമെന്ന ബി.ജെ.പിയുടെ ആരോപണം ജനങ്ങളെ തെറ്റിധരിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
രാമന്റെ പേരില്‍ വോട്ട് ചോദിക്കുന്ന ബി.ജെ.പിക്ക് ഹിന്ദുക്കള്‍ വോട്ടുചെയ്യും എന്ന ധാരണ തെറ്റാണ്. ഇപ്പോള്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
തീവ്രവാദത്തിനെ കുറിച്ച് വാദിക്കുന്ന ബി.ജെ.പി, ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി. എന്നിട്ടും തീവ്രവാദം വീണ്ടും ഉയരുകയാണെന്നും അതിന് ഉത്തരവാദികള്‍ ബി.ജെ.പി ആണെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
ജമ്മു കശ്മീര്‍ സന്ദര്‍ശനത്തില്‍ അമിത് ഷാ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ചിരുന്നു. സഖ്യത്തെ അപകീര്‍ത്തിപ്പെടുത്തലായിരുന്നു അമിത് ഷായുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മുസ്‌ലീങ്ങള്‍ നുഴഞ്ഞുകയറ്റക്കാരോ മംഗള്‍സൂത്രം തട്ടിയെടുക്കുന്നവരോ അല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ഞങ്ങളുടെയും തുല്യമായ സംഭാവനയുണ്ട്. അവര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഭാരതത്തിന് ഞങ്ങള്‍ എതിരാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഭാരതം എല്ലാവരുടേതുമാണ്,’ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
Content Highlight: BJP is trying to scare hindu voters: farppq abdullah