മോദിയും അദാനിയും തമ്മിലുള്ള ബന്ധം മറച്ചുവെക്കാനാണ് ബി.ജെ.പിയുടെ ശ്രമം; പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു: രാഹുല്‍ ഗാന്ധി
national news
മോദിയും അദാനിയും തമ്മിലുള്ള ബന്ധം മറച്ചുവെക്കാനാണ് ബി.ജെ.പിയുടെ ശ്രമം; പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2024, 8:45 pm

ന്യൂദല്‍ഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് പാര്‍ലമെന്റിന് പുറത്ത് എം.പിമാരുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

നരേന്ദ്ര മോദിയുടെ സുഹൃത്തായ ഗൗതം അദാനിക്കെതിരായ നടപടികളെടുക്കാതിരിക്കാനും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമാണ് ബി.ജെ.പിയുടെ ശ്രമമെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.

‘പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധം മറച്ചുവെക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പ്രധാനമന്ത്രി ഇന്ത്യയെ വ്യവസായിക്ക് വില്‍ക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദാനിയെക്കുറിച്ചുള്ള വിഷയം സംസാരിക്കാന്‍ ബി.ജെ.പി അനുവദിക്കുന്നില്ലെന്നും രാജ്യം അദാനിക്ക് നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖാര്‍ഗെയോടൊപ്പം വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കവേയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

ബി.ജെ.പി എം.പി പ്രതാപ് സാരംഗിയെ രാഹുല്‍ ഗാന്ധി തള്ളിയിട്ടുവെന്നും പരിക്കേല്‍പ്പിച്ചുമെന്നുമുള്ള ബി.ജെ.പിയുടെ ആരോപണത്തിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിന് പിന്നാലെ ഉണ്ടായ നാടകീയ സംഭവങ്ങളില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പ്രതികരിച്ചിരുന്നു.

അമിത് ഷായുടെ പരാമര്‍ശത്തിന് പിന്നാലെ നടന്ന സംഭവവികാസങ്ങളില്‍ ബി.ജെ.പി കള്ളം പറയുകയാണെന്നും തങ്ങള്‍ സമാധാനപരമായ മാര്‍ച്ച് ആയിരുന്നു നടത്തിയതെന്നും ഖാര്‍ഗെ പറയുകയുണ്ടായി.

തങ്ങളുടെ പ്രതിഷേധ മാര്‍ച്ചിനിടയിലേക്ക് ഇരച്ചെത്തിയ ബി.ജെ.പിയുടെ പുരുഷ എം.പിമാര്‍ മസില്‍ പവര്‍ കാണിക്കുകയായിരുന്നെന്നും ഖാര്‍ഗെ പറഞ്ഞു. കൂടാതെ ഡോ. ബി.ആര്‍. അംബേദ്കറിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഖാര്‍ഗെ പത്രസമ്മേളനത്തില്‍ വിമര്‍ശിക്കുകയും ചെയ്തു.

Content Highlight: BJP is trying to hide the relationship between Modi and Adani; Distracting public attention: Rahul Gandhi