| Friday, 21st April 2023, 11:06 am

ഗുജറാത്ത് കൂട്ടക്കൊല കേസിലെ അനുകൂല വിധി; മായ കൊട്‌നാനിയെ രാജ്യ സഭയിലേക്ക് പരിഗണിക്കാനൊരുങ്ങി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് വംശഹത്യക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഗുജറാത്ത് മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ മായ കൊട്‌നാനിയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ആവശ്യം ഉന്നയിച്ച് ഗുജറാത്ത് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ആഗസ്റ്റ് മാസത്തില്‍ രാജ്യസഭയിലേക്ക് ഗുജറാത്തില്‍ നിന്നുള്ള രണ്ട് ഒഴിവുകളില്‍ ഒന്നിലേക്ക് മായ കൊട്‌നാനിയെ പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തയായി അറിയപ്പെട്ടിരുന്നു കൊട്‌നാനിക്ക് സ്വീകരണം നല്‍കുന്ന കാര്യവും ബി.ജെ.പി ആലോചിക്കുന്നുണ്ട്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട സമയത്ത് തന്നെ കൊട്‌നാനിയെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നത് മോദിയായിരുന്നു. തുടര്‍ന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ അവര്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു.

നരോദ ഗാം കൂട്ടക്കൊലക്കേസില്‍ മായ കൊട്‌നാനി, ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗി തുടങ്ങിയ 68 പ്രതികളെയാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ സ്പെഷ്യല്‍ കോടതി വെറുതെവിട്ടത്.

വനിത-ശിശുക്ഷേമ മന്ത്രിയായിരിക്കെ മായ കൊട്നാനിയുടെ നേതൃത്വത്തിലുള്ള അക്രമികള്‍ നരോദ ഗാമില്‍ 11 പേരെ കൂട്ടക്കൊല ചെയ്തുവെന്നായിരുന്നു കേസ്.
കൂട്ടക്കൊല നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിചാരണ ആരംഭിച്ചിരുന്നത്. വിചാരണ വേളയില്‍ 18 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ബാക്കിയുണ്ടായിരുന്ന 68 പ്രതികളെയാണ് കോടതി ഇപ്പോള്‍ വെറുതെ വിട്ടിരിക്കുന്നത്.

Content Highlight: BJP is trying to bring ex-Gujarat minister and BJP leader Maya Kodnani into active politics, who was acquitted in the Gujarat genocide case

We use cookies to give you the best possible experience. Learn more