ചെന്നൈ: പറയാന്‍ സ്വന്തമായി വിജയങ്ങളൊന്നും ഇല്ലാത്തതു കൊണ്ടാണ് ബി.ജെ.പി മറ്റ് പാര്‍ട്ടികളുടെ കുറ്റം പറഞ്ഞു നടക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ജാതിയും രാഷ്ട്രീയവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്നില്ലെന്ന് ഇത് കാരണം സംസ്ഥാനത്ത് ബി.ജെ.പി ശ്വാസം മുട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച നടന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡി.എം.കെ) ജനറല്‍ കൗണ്‍സില്‍ യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
2024ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും വിജയം നിലനിര്‍ത്താന്‍ അഹോരാത്രം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ചത്തെ യോഗത്തില്‍ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിലെ (എ.ഐ.എ.ഡി.എം.കെ) നേതൃതര്‍ക്കത്തെക്കുറിച്ചും സ്റ്റാലിന്‍ പരാമര്‍ശിച്ചു. ”ജയലളിതയുടെ മരണശേഷം പാര്‍ട്ടി വീണു. നാലുവഴിക്ക് പിളര്‍ന്നു. ഡി.എം.കെ.യെ എതിര്‍ക്കുക എന്നതല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രവും ഇപ്പോള്‍ എ.ഐ.എ.ഡി.എം.കെക്ക് ഇല്ല.
ഇതുകൊണ്ടാണ് ഇന്ന് പാര്‍ട്ടി തളര്‍ന്നത്. യോഗ്യരായ നേതാക്കളും ശക്തമായ ആദര്‍ശങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ഏത് പാര്‍ട്ടിക്കും വിജയിക്കാനാകൂ,’ സ്റ്റാലിന്‍ പറഞ്ഞു.
സ്വന്തമായി വിജയങ്ങളൊന്നുമില്ലാത്ത ബി.ജെ.പിയും ശിഥിലമായ എ.ഐ.എ.ഡി.എം.കെയും തെരഞ്ഞെടുപ്പ് സമയത്ത് ഡി.എം.കെയെക്കുറിച്ച് നുണകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കും. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.