തെരഞ്ഞെടുപ്പിനായി കര്‍ണാടകയില്‍ ബി.ജെ.പി കോടികള്‍ ഒഴുക്കുന്നെന്ന് കോണ്‍ഗ്രസ്; പണത്തോട് മത്സരിക്കാന്‍ കഴിയില്ലെന്ന് സിദ്ധരാമയ്യ
India
തെരഞ്ഞെടുപ്പിനായി കര്‍ണാടകയില്‍ ബി.ജെ.പി കോടികള്‍ ഒഴുക്കുന്നെന്ന് കോണ്‍ഗ്രസ്; പണത്തോട് മത്സരിക്കാന്‍ കഴിയില്ലെന്ന് സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th November 2019, 3:54 pm

ന്യൂദല്‍ഹി: ഡിസംബര്‍ അഞ്ചിന് നടക്കുന്ന കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പിനായി ബി.ജെ.പി കോടികള്‍ ഒഴുക്കുന്നതായി കോണ്‍ഗ്രസിന്റെ ആരോപണം.

ബി.ജെ.പി ഒഴുക്കുന്ന പണത്തിന് മുന്നില്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാനാവില്ലെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. കോടിക്കണക്കിന് രൂപയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനായി ചിലവഴിക്കുന്നത്. അതിനോട് മത്സരിക്കാന്‍ കോണ്‍ഗ്രസിന് ആവില്ല. -സിദ്ധരാമയ്യ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”കോടിക്കണക്കിന് രൂപയാണ് ബി.ജെ.പി ചെലവഴിക്കുന്നത്, ഞങ്ങള്‍ക്ക് അതിനോട് മത്സരിക്കാനാവില്ല. മതത്തിന്റേയും ജാതിയുടേയും അടിസ്ഥാനത്തില്‍ അവര്‍ വോട്ട് തേടുന്നു. തനിക്ക് വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പരസ്യമായി ലിംഗായത്തുകളോട് ആവശ്യപ്പെടുന്നു. ഇതെല്ലാം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. – സിദ്ധരാമയ്യ പറഞ്ഞു.

ബി.ജെ.പിയെ സംബന്ധിച്ച് കര്‍ണാടക രാഷ്ട്രീയത്തില്‍ യെദിയൂരപ്പ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്.

കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരുടെ പിന്തുണയിലാണ് കര്‍ണാടകത്തില്‍ യെദിയൂരപ്പ സര്‍ക്കാര്‍ അധികാരത്തിലേറിയത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറി നിന്ന് ബി.ജെ.പിയെ സഹായിക്കുകയായിരുന്നു വിമത എം.എല്‍.എമാര്‍ ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിപ്പ് ലംഘിച്ചതിന് അന്നത്തെ നിയമസഭ സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കുകയായിരുന്നു. എന്നാല്‍ എം.എല്‍.എമാരുടെ അയോഗ്യത ശരിവെച്ച സുപ്രീം കോടതി ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കി.

കോടതി വിധിക്ക് പിന്നാലെ രണ്ട് എം.എല്‍.എമാരൊഴികെ ബാക്കിയെല്ലാവരും ബി.ജെ.പിയില്‍ ചേരുകയും പാര്‍ട്ടി അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുകയുമായിരുന്നു.

എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ബി.ജെ.പി എം.എല്‍.എമാരെ സ്വന്തം മണ്ഡലത്തില്‍ പരാജയപ്പെടുത്തുകയെന്നത് അഭിമാന പ്രശ്‌നം കൂടിയാണെന്നായിരുന്നു കര്‍ണാടക പ്രദേശ് കമ്മിറ്റി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു അടുത്തിടെ പ്രതികരിച്ചത്. എന്തുവിലകൊടുത്തും അവരുടെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.