ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ നേരിടാന്‍ ശക്തനായ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനൊരുങ്ങി ബി.ജെ.പി. അധികാരത്തിലെത്തുമ്പോള്‍ ബി.ജെ.പി ആരെയാണു മുഖ്യമന്ത്രിയാക്കുകയെന്നു ജനങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നടത്തിയ സര്‍വേ സൂചിപ്പിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ പ്രിന്റ്‘ റിപ്പോര്‍ട്ട് ചെയ്തു.
ദല്‍ഹി ബി.ജെ.പിക്കുള്ളില്‍ നിലനില്‍ക്കുന്ന വിഭാഗീയ പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കലെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘സാധാരണയായി ബി.ജെ.പി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ വെച്ചുകൊണ്ടാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും ജാര്‍ഖണ്ഡിലും അടുത്തിടെ അതു കണ്ടതാണ്. ദല്‍ഹിയിലും മുന്‍പ് അതു ചെയ്തിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2008-ല്‍ വി.കെ മല്‍ഹോത്ര, 2013-ല്‍ ഡോ. ഹര്‍ഷ് വര്‍ധന്‍, 2015-ല്‍ കിരണ്‍ ബേദി എന്നിങ്ങനെയായിരുന്നു അത്,’ ഒരു മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിര്‍ത്താതെ മത്സരിച്ചാല്‍ കെജ്‌രിവാള്‍ അതു പ്രചാരണത്തില്‍ ഉപയോഗിക്കുമെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ പാര്‍ട്ടിക്കു മുന്നിലുള്ളത് അഞ്ചു പേരുകളാണ്.
1) ഹര്‍ഷ് വര്‍ധന്‍
നിലവില്‍ കേന്ദ്ര ആരോഗ്യമന്ത്രിയായ വര്‍ധന്‍ ദല്‍ഹിയില്‍ ഏറെക്കാലം ബി.ജെ.പിയെ നയിച്ചിട്ടുണ്ട്. 30 വര്‍ഷത്തോളം എം.ല്‍.എയായിരുന്നു. സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാത്രമല്ല, ദല്‍ഹി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയുമായിരുന്നു.
സമൂഹത്തിന്റെ എല്ലാ മേഖലകള്‍ക്കും സ്വീകാര്യനാണ് വര്‍ധനെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. അതില്‍ ന്യൂനപക്ഷങ്ങളും ഉള്‍പ്പെടും. ചാന്ദ്‌നി ചൗക്കില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് ന്യൂനപക്ഷങ്ങള്‍ക്കിടയിലും അദ്ദേഹത്തിനു സ്വാധീനമുണ്ടെന്നു പറയാന്‍ പാര്‍ട്ടിയെ സഹായിക്കുന്നത്. മുസ്‌ലിം സ്വാധീന പ്രദേശമാണിത്.
സൗമ്യനായ രാഷ്ട്രീയ നേതാവെന്ന പ്രതിച്ഛായയാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി മത്സരിച്ച 2013-ല്‍ ബി.ജെ.പി 33 സീറ്റ് നേടിയിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷം നേടാനായിരുന്നില്ല.
2) മനോജ് തിവാരി
ഭോജ്പുരി നടനായ മനോജ് തിവാരി നിലവില്‍ ദല്‍ഹിയിലെ ബി.ജെ.പി സംസ്ഥാനാധ്യക്ഷനാണ്. ദക്ഷിണ കിഴക്കന്‍ ദല്‍ഹിയുടെ എം.പി കൂടിയാണ് അദ്ദേഹം. 2016-ലാണ് തിവാരിയെ സംസ്ഥാന അധ്യക്ഷനാക്കുന്നത്.
പുര്‍വാഞ്ചല്‍ മേഖലയുമായുള്ള അദ്ദേഹത്തിന്റെ പരിചയമാണു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിലെ അനുകൂല ഘടകം. ദല്‍ഹിയിലെ 70 സീറ്റുകളില്‍ 20 എണ്ണത്തിലും പുര്‍വാഞ്ചല്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കു സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണു വിലയിരുത്തല്‍.
അതിന്റെ പശ്ചാത്തലത്തിലാണ് മോദിസര്‍ക്കാര്‍ ആ മേഖലയിലെ 1,735 അനധികൃത കോളനികളെ നിയമവിധേയമാക്കിയത്.
2008, 2013, 2105 വര്‍ഷങ്ങളില്‍ 33 ശതമാനത്തോളം വോട്ട് സ്ഥിരമായി നേടാന്‍ ബി.ജെ.പിക്കായിട്ടുണ്ട്. പുര്‍വാഞ്ചല്‍ മേഖലയിലെ 10 ശതമാനം കൂടി നേടാനായാല്‍ ഭരണം ഉറപ്പിക്കാനാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ഈ വോട്ടുബാങ്ക് കോണ്‍ഗ്രസിനായിരുന്നു മുമ്പ് അനുകൂലമെങ്കില്‍, ഇപ്പോഴത് കെജ്‌രിവാളിനാണ്.
3) വിജയ് ഗോയല്‍
ആദ്യ മോദി സര്‍ക്കാരിലും അതിനു മുന്‍പ് വാജ്‌പേയി സര്‍ക്കാരിലും കേന്ദ്രമന്ത്രിയായിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായും ചുമതല വഹിച്ചിട്ടുണ്ട്. ബനിയ സമുദായക്കാരനായ ഗോയലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ തിവാരിയുണ്ടാക്കുന്ന സ്വാധീനത്തിന്റെ നേര്‍ വിപരീതമാണ് ഉണ്ടാവുകയെന്ന് പാര്‍ട്ടിയില്‍ വിലയിരുത്തലുണ്ട്.
പുര്‍വാഞ്ചല്‍ മേഖലയില്‍ നിന്നുള്ളവരില്‍ ഗോയലിനു സ്വാധീനം ചെലുത്താനാവില്ലെന്നാണ് പാര്‍ട്ടി കരുതുന്നത്.
4) ഗൗതം ഗംഭീര്‍
യുവാക്കള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ബി.ജെ.പി വിശ്വസിക്കുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം. കിഴക്കന്‍ ദല്‍ഹിയില്‍ നിന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. പക്ഷേ രാഷ്ട്രീയ പരിചയം കുറവാണെന്നുള്ളതാണ് അദ്ദേഹത്തിനു തിരിച്ചടിയാകുന്നത്.
തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ അതു തന്റെ സ്വപ്‌നസാക്ഷാത്കാരമാകുമെന്നും വലിയ ബഹുമതിയാണെന്നുമായിരുന്നു അദ്ദേഹം കഴിഞ്ഞ ഒക്ടോബറില്‍ പറഞ്ഞത്.
ഗംഭീര്‍ ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള വ്യക്തിയാണ്. എന്നാല്‍ ദല്‍ഹിയില്‍ വലിയ തോതില്‍ അവര്‍ക്കു സ്വാധീനമില്ല. പക്ഷേ ഹരിയാനയില്‍ വലിയ സ്വാധീനമില്ലാത്ത ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള മനോഹര്‍ ലാല്‍ ഖട്ടറെ മത്സരിപ്പിച്ച് വിജയിപ്പിച്ച് മുഖ്യമന്ത്രിയാക്കിയ ചരിത്രമാണ് ഗംഭീറിനെ പിന്തുണയ്ക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
എന്നാല്‍ രാഷ്ട്രീയ പരിചയം കുറവുള്ള കിരണ്‍ ബേദിയെ 2015-ല്‍ മത്സരിപ്പിച്ചപ്പോള്‍ ബി.ജെ.പി തകര്‍ന്നടിഞ്ഞതും ഇവിടെ ചര്‍ച്ചയാകുന്നുണ്ട്. 70 സീറ്റില്‍ വെറും മൂന്ന് സീറ്റുകള്‍ മാത്രമാണ് ആ സമയം ബി.ജെ.പിക്കു ലഭിച്ചത്.
5) പര്‍വേഷ് വര്‍മ
പടിഞ്ഞാറന്‍ ദല്‍ഹിയില്‍ നിന്നുള്ള എം.പി. മുന്‍ ദല്‍ഹി മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകന്‍. ശക്തനായ ജാട്ട് നേതാവാണ്. വര്‍മയുടെ മണ്ഡലത്തില്‍ ജാട്ട്, പഞ്ചാബി, പുര്‍വാഞ്ചല്‍ വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരുണ്ട്.
ഇവരില്‍ നിന്നു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ സഹകരണം തുടര്‍ന്നും ഉണ്ടാകുമെന്നാണ് ബി.ജെ.പി കരുതുന്നത്. മികച്ച സംഘാടകന്‍ കൂടിയാണ് അദ്ദേഹം. എന്നാല്‍ പുര്‍വാഞ്ചല്‍ മേഖലയില്‍ നിന്നുള്ളവരെ സ്വാധീനിക്കാന്‍ ജാട്ട് സമുദായക്കാരനായ അദ്ദേഹത്തിനു കഴിയുമോയെന്നും സംശയമുണ്ട്.