ന്യൂദല്‍ഹി: ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ പുതിയ രൂപമാണ് ബി.ജെ.പിയെന്ന് കോണ്‍ഗ്രസ് നേതൃത്വം. തങ്ങള്‍ക്കെതിരായ “മുസ്‌ലിം പാര്‍ട്ടി” പരാമര്‍ശത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ മുറുകുന്നതിനിടെയാണ് ബി.ജെ.പി രാജ്യത്ത് വിദ്വേഷത്തിന്റെ വിത്തുകള്‍ പാകി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന കോണ്‍ഗ്രസ് പരാമര്‍ശം.
ബ്രിട്ടീഷുകാരെപ്പോലെ കോളനികള്‍ സൃഷ്ടിച്ചുകൊണ്ടുള്ള ഭരണതന്ത്രമാണ് ബി.ജെ.പിയുടേതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. മുസ്‌ലിങ്ങള്‍ക്കു വേണ്ടിയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞുവെന്ന പ്രസ്താവന തെറ്റാണെന്നും നേതൃത്വം അവകാശപ്പെടുന്നുണ്ട്.
ന്യൂനപക്ഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളിറക്കി ഭരണത്തിലെ വീഴ്ചകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒഴിവാക്കുകയാണ് പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറയുന്നു. സര്‍വ രംഗങ്ങളിലും പരാജയമായിരുന്നു ബി.ജെ.പി സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഭരണപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ല. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഈസ്റ്റിന്ത്യാ കമ്പനിയുടെ പുതിയ രൂപമായി ബി.ജെ.പിയെ വിലയിരുത്തുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമായിരുന്നു ഈസ്റ്റിന്ത്യാ കമ്പനി നടപ്പിലാക്കിയത്. ബി.ജെ.പി പിന്തുടരുന്നതും ഇതേ തന്ത്രം തന്നെ. കോണ്‍ഗ്രസാകട്ടെ, ഇതില്‍ നിന്നും വിഭിന്നമായി എല്ലാ മതവിശ്വാസത്തില്‍പ്പെട്ടവരുടെയും സ്വന്തമാണ്.” സുര്‍ജേവാല മാധ്യമങ്ങളോടു പറഞ്ഞു.
മോദി സര്‍ക്കാരിന്റെ ഭിന്നിപ്പിക്കല്‍ അജണ്ടയെ കോണ്‍ഗ്രസ് ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “യഥാര്‍ത്ഥ ഈസ്റ്റിന്ത്യാ കമ്പനിയോടു പൊരുതിയതുപോലെത്തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബി.ജെ.പിയോടു പോരാടും. മോദിജീ, നിങ്ങളുടെ ഈസ്റ്റിന്ത്യാ കമ്പനി മണ്‍മറയുകതന്നെചെയ്യും.” സുര്‍ജേവാല പറയുന്നു.