| Thursday, 13th February 2020, 2:25 pm

ദല്‍ഹിയില്‍ ആംആദ്മിയുടെ ജയത്തില്‍ വിഷമിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍; ഉള്ളില്‍ ചിരിച്ച് നേതാക്കള്‍; കാരണം ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയും ഉള്‍പ്പെടെ ബി.ജെ.പിയുടെ ഉന്നതവൃത്തം കിണഞ്ഞ് പരിശ്രമിച്ചിട്ടും ദല്‍ഹിയില്‍ ബി.ജെ.പിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മാത്രമല്ല, ആശ്വസിക്കാനുള്ള വക പോലും ലഭിച്ചിട്ടുമില്ല.

ഫലം വന്നതിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ നിരാശയിലാണെങ്കിലും ഉന്നതവൃത്തം മറ്റൊരര്‍ത്ഥത്തില്‍ ആശ്വസിക്കുന്നുവെന്നു വേണം കരുതാന്‍. അത് പാര്‍ട്ടിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 4 സീറ്റ് അധികം ലഭിച്ചു എന്നത് കൊണ്ടല്ല, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോഴേ ചിന്തിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി കോണ്‍ഗ്രസിന്റെ അപചയത്തിലാണ് സന്തോഷിക്കുന്നത് എന്നത് കൊണ്ടാണ്.

തുടര്‍ച്ചയായ രണ്ടാം തവണയും പൂജ്യം സീറ്റില്‍ ഒതുങ്ങിയ കോണ്‍ഗ്രസിന് ഇത്തവണ 2015 ല്‍ ലഭിച്ചതിനേക്കാള്‍ വോട്ടിംഗ് ശതമാനത്തിലും ഇടിവ് വന്നിട്ടുണ്ട്. നേരത്തെ 9.7 ശതമാനം വോട്ട് ലഭിച്ച കോണ്‍ഗ്രസിന് ഇത്തവണ 4.26 ശതമാനം വോട്ടിംഗ് ശതമാനത്തില്‍ ഒതുങ്ങേണ്ടി വന്നു. എന്നാല്‍ ദല്‍ഹിയിലെ കോണ്‍ഗ്രസിന്റെ പരാജയത്തെ തുടര്‍ന്ന് ഉയരുന്ന ചര്‍ച്ചകള്‍ ഇനി കോണ്‍ഗ്രസിന് ദേശീയ അടിസ്ഥാനത്തില്‍ മടങ്ങിവരവില്ലെന്നാണ്. ഈ ചര്‍ച്ചകള്‍ സജീവമാവുന്നതിലാണ് ബി.ജെ.പി സന്താഷം കണ്ടെത്തുന്നത്.

അതിന്റെ കാരണങ്ങളിങ്ങനെയാണ്;

ദേശീയ അടിസ്ഥാനത്തില്‍ ബി.ജെ.പിയുടെ എതിരാളിയായി ഇപ്പോഴും നില്‍ക്കുന്നത് കോണ്‍ഗ്രസാണ്. എല്ലാ സംസ്ഥാനങ്ങളിലും സംഘടനാ സംവിധാനമുള്ള ഏക പാര്‍ട്ടിയും കോണ്‍ഗ്രസാണ്. ആ പാര്‍ട്ടി തകര്‍ച്ചയിലേക്ക് പോകുന്നുവെന്ന് പ്രചരണം ശക്തമായാല്‍ സ്വാഭാവികമായും നിലവില്‍ കോണ്‍ഗ്രസ് വോട്ട് ഭിന്നിക്കപ്പെടും. വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തിലുള്ള പ്രാദേശിക കക്ഷികള്‍ക്ക് അതത് സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനമുള്ളതിനാല്‍ തന്നെ തങ്ങളെ ശക്തമായി എതിര്‍ക്കാവുന്ന വലിയകക്ഷി ഇല്ലെന്ന വികാരം രൂപപ്പെടുന്നത് സ്വാഭാവികമായും തങ്ങളെ തുണക്കുമെന്ന് ബി.ജെ.പി കരുതുന്നു.

മറ്റൊരു കാര്യം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനോ ശരത് പവാറിന്റെ എന്‍.സി.പിക്കോ മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ക്കോ ദേശീയതലത്തില്‍ ബി.ജെ.പിക്ക് ഒരു വെല്ലുവിളിയാവാന്‍ കഴിഞ്ഞിട്ടില്ല എന്നതിനൊപ്പം ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ സഖ്യമായി അണിനിരക്കാനുള്ള ശ്രമവും ഇവര്‍ നടത്തിയിട്ടില്ല.

ഒരു കാര്യം ചൂണ്ടികാട്ടാവുന്നത് ഇക്കഴിഞ്ഞ രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ഛത്തീസ്ഗണ്ഡിലേയും മഹാരാഷ്ട്രയിലേയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്ത കോണ്‍ഗ്രസിനെതിരെ അടുത്ത തെരഞ്ഞെടുപ്പ് ആവുമ്പോഴേക്കും ഭരണവിരുദ്ധ വികാരം ഉണ്ടായേക്കാമെന്ന സാധ്യതയും ബി.ജെ.പി മുന്നില്‍ കാണുന്നു.

അവിടെയാണ് കോണ്‍ഗ്രസിന്റെ അപചയം ബി.ജെ.പി ആഘോഷിക്കുന്നതും ദല്‍ഹിയിലെ ഫലത്തില്‍ പ്രതീക്ഷവെക്കുന്നതും. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഇപ്പോഴേ കരുക്കള്‍ നീക്കുന്ന ബി.ജെ.പിക്ക് ഇത് ഒരു പക്ഷെ തുടക്കമായിരിക്കാം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more