| Tuesday, 15th June 2021, 3:19 pm

സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബി.ജെ.പിയെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബി.ജെ.പിയെ പുറത്താക്കി. ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹ പരാതി പിന്‍വലിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജിയാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ ദ്വീപ് പൊലീസില്‍ പരാതി നല്‍കിയത്. ഐഷ സുല്‍ത്താനയ്‌ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്നും മറ്റു സമരങ്ങള്‍ക്ക് കൂടെ നില്‍ക്കാമെന്നുമാണ് ബി.ജെ.പി. അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് ബി.ജെ.പിയെ സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്നും പുറത്താക്കിയതെന്ന് കോര്‍ക്കമ്മിറ്റി അറിയിച്ചു.

മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ചതിലാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.

എന്നാല്‍ ഐഷ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു.

എന്തു കാരണം കൊണ്ടാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതെന്ന് ഹൈക്കോടതി ഇന്ന് പോലീസിനോട് ചോദിച്ചിരുന്നു. കേസില്‍ പൊലീസിനോട് കോടതി വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഐഷ സുല്‍ത്താനയുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ലക്ഷദ്വീപിലെത്തിയാല്‍ തന്നെ അവിടെ അറസ്റ്റു ചെയ്‌തേക്കുമെന്നും താന്‍ ഒരിക്കലും രാജ്യത്തിനെതിരായി പ്രസ്താവന നടത്തിയിട്ടില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയില്‍ ഐഷ പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP is expelled from Save Lakshadweep Forum

We use cookies to give you the best possible experience. Learn more