ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. ബി.ജെ.പി വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന പാര്‍ട്ടിയാണെന്നും വാഗ്ദാനങ്ങള്‍ പാലിക്കേണ്ടല്ലോ എന്നും ശത്രുഘ്‌നന്‍ സിന്‍ഹ പരിഹസിച്ചു.
“വാഗ്ദാനങ്ങള്‍, വാഗ്ദാനങ്ങള്‍, വാഗ്ദാനങ്ങള്‍ മാത്രം” ഇത് മാത്രമാണ് ബി.ജെ.പിയുടെ നാലുവര്‍ഷത്തെ ഭരണമെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി നേരത്തെയും ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു.
ബി.ജെ.പിയെക്കുറിച്ച് സത്യം പറയുന്നത് പാര്‍ട്ടി വിരുദ്ധമാണെങ്കില്‍ താന്‍ വിമതനാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തന്റെ സംസ്ഥാനത്തൊഴികെ മറ്റെല്ലായിടത്തും താന്‍ ബി.ജെ.പിയുടെ അവഗണന നേരിടുന്നുവെന്നും ഇത് വളരെ വേദനയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
പാര്‍ട്ടി വിടാന്‍ ഒരുക്കമല്ലെന്നും എന്നാല്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ തന്നെ നീക്കം ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അടല്‍ ബിഹാരി വാജ്പേയിയെപ്പോലുള്ള നേതാക്കളെ കണ്ടാണ് താന്‍ പാര്‍ട്ടിയില്‍ വന്നതെന്നും എന്നാല്‍ നരേന്ദ്രമോദിയെന്ന ഒറ്റ വ്യക്തിയുടെ നിഴലിലാണിന്ന് പാര്‍ട്ടിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.