|

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രചാരണ ചുമതല അനില്‍ ആന്റണിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നത് സംബന്ധിച്ച് ബി.ജെ.പി രാജ്യവ്യാപകമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യവ്യാപകമായ പ്രചാരണത്തിനായി ദേശീയ തലത്തില്‍ സമിതി രൂപീകരിച്ചതായും കേരളത്തില്‍ നിന്നുമുള്ള പ്രതിനിധി അനില്‍ ആന്റണിക്കാണെന്നുമാണ് റിപ്പോര്‍ട്ട്.

ദേശീയ തലത്തില്‍ രൂപീകരിച്ച സമിതി കേരളത്തിലെ പ്രതിനിധിയായി ദേശീയ സെക്രട്ടറി അനില്‍ ആന്റണിയെ തെരഞ്ഞെടുക്കുകയായിരുന്നു.

അനില്‍ ആന്റണി

കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, പുതുച്ചേരി, ലക്ഷദ്വീപ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര ഭരണപ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളുടെ മേല്‍നോട്ട ചുമതല അനില്‍ ആന്റണിക്കാണ്.

കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് സമിതിക്ക് നേതൃത്വം നല്‍കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാല്‍, ദേശീയ സെക്രട്ടറിമാരായ ഓം പ്രകാശ് ധന്‍കട്, സുരേന്ദ്ര നാഗര്‍, കാമാഖ്യപ്രസാദ് താസ തുടങ്ങിയവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം വിശദീകരിക്കാനായി സംസ്ഥാനങ്ങളിലാകെ നിരവധി പരിപാടികള്‍ നടത്താനാണ് ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമ്മേളനങ്ങള്‍, യോഗങ്ങള്‍, മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, പ്രമുഖ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരുമായി ചര്‍ച്ച നടത്തുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്താനും നേതാക്കളും സ്ഥാനാര്‍ത്ഥികളുമടക്കം വിഷയത്തില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് സമിതി തീരുമാനിച്ചിരിക്കുന്നത്.

Content Highlight: BJP is about to implement one country one election; Anil Antony is in charge of South Indian states in the campaign