| Monday, 26th October 2020, 10:10 pm

എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി; പരാതി നല്‍കി കമല്‍നാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭയത്താല്‍ വിലപേശലുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പിയെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ്. തങ്ങളുടെ എം.എല്‍.എമാരെ ബി.ജെ.പിയിലേക്ക് ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തുന്നതായും കമല്‍നാഥ് പറഞ്ഞു.

നിരവധി കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ നിന്ന് എനിക്ക് കോളുകള്‍ വരുന്നുണ്ട്. ബി.ജെ.പി തങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നുവെന്ന് അവര്‍ പറയുന്നു. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്- കമല്‍നാഥ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ആഘോഷമാണെന്നും എന്നാല്‍ ഇന്ന് രാഷ്ട്രീയത്തിന്റെ ആഘോഷമായി തെരഞ്ഞെടുപ്പുകള്‍ മാറിയിരിക്കുകയാണെന്നും കമല്‍നാഥ് പറഞ്ഞു.

അതേസമയം തങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ ബി.ജെ.പി സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ ലോധി പാര്‍ട്ടിയില്‍ നിന്നും നിയമസഭാംഗത്വത്തില്‍ നിന്നും രാജിവെച്ച് ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേര്‍ന്നത് ഏറെ ചര്‍ച്ചയായിരുന്നു.

ഇതോടെ ഈ വര്‍ഷം മാര്‍ച്ച് വരെ മധ്യപ്രദേശ് കോണ്‍ഗ്രസ് വിട്ടു പോയ എം.എല്‍.എമാരുടെ എണ്ണം 26 ആയി.

ലോധി രാജിവെച്ചതായും അദ്ദേഹത്തിന്റെ രാജി ഞായറാഴ്ച സ്വീകരിച്ചതായും മധ്യപ്രദേശ് നിയമസഭാ താത്ക്കാലിക സ്പീക്കര്‍ രമേശ്വര്‍ ശര്‍മ പറഞ്ഞു.

ലോധി പാര്‍ട്ടിയില്‍ ചേര്‍ന്നതായി ബി.ജെ.പി സംസ്ഥാന വക്താവ് രജനിഷ് അഗര്‍വാള്‍ പിന്നീട് പറഞ്ഞു. ലോധിക്ക് പുറമെ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുമെന്ന അഭ്യൂഹങ്ങളുണ്ട്.

സംസ്ഥാനത്തെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന് നടക്കും.കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് 25 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്.

കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിച്ച പ്രധാന നീക്കമായാണ് എം.എല്‍.എമാരുടെ പാര്‍ട്ടി വിട്ടുപോക്കിനെ വിലയിരുത്തുന്നത്. പാര്‍ട്ടി വിട്ട വിമത കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഭൂരിഭാഗവും ജ്യോതിരാദിത്യ സിന്ധ്യയുമായി അടുത്ത ബന്ധമുള്ളവരായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights:  Kamal nath Slams BJP For Baragaining Games In Mp Polls

We use cookies to give you the best possible experience. Learn more