ബി.ജെ.പിയുടെ 'ചീട്ടുകൊട്ടാരം തകരുന്നു?; ദല്‍ഹിയിലും മഹാരാഷ്ട്രയിലും ഹൈദരാബാദിലും അമിത് ഷായുടെ 'ചാണക്യ തന്ത്ര'ത്തിന് തിരിച്ചടി
national news
ബി.ജെ.പിയുടെ 'ചീട്ടുകൊട്ടാരം തകരുന്നു?; ദല്‍ഹിയിലും മഹാരാഷ്ട്രയിലും ഹൈദരാബാദിലും അമിത് ഷായുടെ 'ചാണക്യ തന്ത്ര'ത്തിന് തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th December 2020, 3:49 pm

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ ദയനീയ പരാജയത്തിന് പിന്നാലെ ഹൈദരാബാദിലും ബി.ജെ.പിക്ക് തിരിച്ചടി. വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകള്‍ കഴിയുമ്പോള്‍ ബി.ജെ.പിയുടെ ലീഡ് നില കുത്തനെ ഇടിയുകയാണ്.

കര്‍ഷക പ്രതിഷേധത്തിന് പരിഹാരം കാണാന്‍ സാധിക്കാതെ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ നേരിടേണ്ടിവന്ന തോല്‍വി കനത്ത പ്രഹരമായാണ് വിലയിരുത്തപ്പെടുന്നത്.

ഹൈദരാബാദില്‍ തുടക്കത്തില്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും പിന്നീട് ബി.ജെ.പി താഴേക്ക് പോവുകയായിരുന്നു.

നിലവില്‍ 63 സീറ്റുകളില്‍ ടി.ആര്‍.എസാണ് ലീഡ് ചെയ്യുന്നത്. 43 സീറ്റുകളില്‍ ബി.ജെ.പിയും 25 സീറ്റുകളില്‍ എ.ഐ.എം.ഐ.എമ്മുമാണ് ലീഡ് ചെയ്യുന്നത്. നേരത്തെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ബി.ജെ.പിയായിരുന്നു മുന്നില്‍. പിന്നീട് ചിത്രം മാറിമറിയുകയായിരുന്നു.

മഹാരാഷ്ട്രയില്‍ ഒറ്റ സീറ്റില്‍ മാത്രമാണ് ബി.ജെ.പി വിജ
യിച്ചത്. ആര്‍.എസ്.എസിന്റെ ആസ്ഥാനമായ നാഗ്പൂര്‍ ഡിവിഷനിലും ബി.ജെ.പിക്ക് തിരിച്ചടി നേരിടേണ്ടിവന്നു.

ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയും തമ്മിലുള്ള അഭിമാന പോരാട്ടമായി വിലയിരുത്തപ്പെട്ട തെരഞ്ഞെടുപ്പില്‍ നേരത്തെ സ്വാധീനമുണ്ടായ സീറ്റുകളില്‍ പോലും വിജയിക്കാന്‍ സാധിക്കാത്തത് ബി.ജെ.പിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

അമിത് ഷായുടെ തന്ത്രങ്ങള്‍ ഒന്നൊന്നായി പൊളിയുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ ആദ്യഘട്ടം മുതല്‍ അമിത് ഷായാണ് മുന്നിട്ടിറങ്ങിയിരുന്നത്.

കര്‍ഷകര്‍ വഴങ്ങുന്നില്ലെന്ന് കണ്ട ഘട്ടത്തില്‍ അമിത് ഷാ പിന്നോട്ട് പോയി. അതുപോലെ ഹൈദരാബാദിലും അമിത് ഷാ നേരിട്ടുള്ള ഇടപെടലാണ് നടത്തിയത്. അസദുദ്ദിന്‍ ഉവൈസിക്കെതിരെ അമിത് ഷാ തുടര്‍ച്ചയായി അധിക്ഷേപം അഴിച്ചുവിട്ടിരുന്നു.

ഹൈദരാബാദില്‍ ഉവൈസിയുടെ നിസാം ഭരണം അവസാനിപ്പിക്കുമെന്നും ഹൈദരാബാദിന്റെ സംസ്‌കാരം തന്നെ മാറ്റുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ ഹൈദരാബാദില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്ന അമിത് ഷായുടെ തന്ത്രങ്ങളൊന്നും ഫലിക്കാന്‍ സാധ്യതയില്ലെന്നു തന്നെയാണ്

അതേസമയം, പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും അമിത് ഷാ തന്നെയാണ് മുന്നിലുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: BJP  in trouble, Defeat in Maharashtra, Farmers Protest Hyderabad result