മഹാരാഷ്ട്രയില്‍ ശിവസേന കനിഞ്ഞില്ലെങ്കില്‍ ബി.ജെ.പിക്ക് അടിതെറ്റുമെന്ന് പാര്‍ട്ടി സര്‍വ്വേ: വിശദാംശങ്ങള്‍ വെളിപ്പെടുത്തി ബി.ജെ.പി മന്ത്രി
national news
മഹാരാഷ്ട്രയില്‍ ശിവസേന കനിഞ്ഞില്ലെങ്കില്‍ ബി.ജെ.പിക്ക് അടിതെറ്റുമെന്ന് പാര്‍ട്ടി സര്‍വ്വേ: വിശദാംശങ്ങള്‍ വെളിപ്പെടുത്തി ബി.ജെ.പി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd December 2018, 2:17 pm

മുംബൈ: ശിവസേനയുമായി തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യമുണ്ടാക്കിയാല്‍ മാത്രമേ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് 2014ലെ പ്രകടനം ആവര്‍ത്തിക്കാനാവൂവെന്ന് ബി.ജെ.പിയുടെ ആഭ്യന്തര സര്‍വ്വേ. ശിവസേനയും ബി.ജെ.പിയും ചേര്‍ന്നാല്‍ മഹാരാഷ്ട്രയിലെ 48ല്‍ 42 സീറ്റുകളും നേടാനാവുമെന്നാണ് സര്‍വ്വേയില്‍ നിന്ന് വ്യക്തമായതെന്ന് മുതിര്‍ന്ന ബി.ജെ.പി മന്ത്രി വ്യക്തമാക്കിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്നാല്‍ ബി.ജെ.പിയുമായി യാതൊരു സഖ്യത്തിനുമില്ലെന്ന് ശിവസേന പ്രഖ്യാപിക്കുന്ന ഈ ഘട്ടത്തില്‍ പാര്‍ട്ടിക്ക് അതത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍.

“സേന സഖ്യത്തിന് തയ്യാറായില്ലെങ്കില്‍ ബി.ജെ.പി മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും. എന്നാല്‍ 2014ലേക്കാള്‍ വളരെ കുറച്ചു സീറ്റുകളേ നേടാനാവൂ. നാലഞ്ച് സീറ്റുകളില്‍ കൂടുതല്‍ വിജയിക്കാന്‍ ശിവസേനയ്ക്ക് കഴിയില്ല” എന്നും മന്ത്രി പറഞ്ഞു.

Also read:പറഞ്ഞ പണം നല്‍കാം; പക്ഷേ…: പുതിയ നിബന്ധനയുമായി ആം ആദ്മിയെ വെല്ലുവിളിച്ച് തോറ്റ ബി.ജെ.പി നേതാവ് മനോജ് തിവാരി

ശിവസേനയുമായി സഖ്യം സാധ്യമായില്ലെങ്കില്‍ ബി.ജെ.പി 18 മുതല്‍ 20 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് സര്‍വ്വേയില്‍ വ്യക്തമായതെന്നും മന്ത്രി പറയുന്നു. അതേസമയം, കോണ്‍ഗ്രസ് -എന്‍.സി.പി സഖ്യം 22 മുതല്‍ 24 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേയില്‍ കണ്ടെത്തി.

2014ല്‍ മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളില്‍ 40 ഉം ബി.ജെ.പി ശിവസേന സഖ്യം നേടിയിരുന്നു. ഇതില്‍ 22 ല്‍ ബി.ജെ.പിയും 18ല്‍ ശിവസേനയുമായിരുന്നു വിജയിച്ചത്. രണ്ടു സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനു ലഭിച്ചത്. എന്‍.സി.പിക്ക് അഞ്ച് സീറ്റുകളും.