ബെംഗളൂരു: കര്‍ണാടകത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമ നിര്‍മിക്കാന്‍ സ്ഥലം കൊടുത്ത കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെതിരെ ബി.ജെ.പി രംഗത്ത്. തന്റെ മണ്ഡലത്തിലുള്ള ഹാരോബെലെ ഗ്രാമത്തിലെ കപാലാ മലനിരകളില്‍ നിര്‍മിക്കുന്ന പ്രതിമയ്ക്കായി 10 ഏക്കര്‍ ഭൂമിയാണ് ശിവകുമാര്‍ സംഭാവന ചെയ്തത്.
ഒറ്റക്കല്ലില്‍ 114 അടി ഉയരമുള്ള പ്രതിമയാണു നിര്‍മിക്കുന്നത്. ഈ വര്‍ഷം ക്രിസ്തുമസ് ദിനത്തില്‍ ഇതിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ശിവകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ഇതാരംഭിച്ചത്.
ശിവകുമാറും അദ്ദേഹത്തിന്റെ സഹോദരനും എം.പിയുമായ ഡി.കെ സുരേഷും ചേര്‍ന്നാണു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ പള്ളി വക ട്രസ്റ്റിനു കൈമാറിയത്. ഈ ഭൂമിയെക്കുറിച്ച് അന്വേഷിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ശിവകുമാറിനെതിരെ ബി.ജെ.പി പരസ്യമായും രംഗത്തെത്തിയിട്ടുണ്ട്. രാമക്ഷേത്രം നിര്‍മിക്കുന്നതിനെ എതിര്‍ത്ത കോണ്‍ഗ്രസാണ് ഇപ്പോള്‍ ക്രിസ്തുവിന്റെ പ്രതിമ നിര്‍മിക്കുന്നതിനെ പിന്തുണയ്ക്കുന്നതെന്നായിരുന്നു സംസ്ഥാന ഗ്രാമവികസന മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പ പറഞ്ഞത്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിന്നീട് തന്റെ ട്വീറ്റിനെ അല്‍പ്പം മയപ്പെടുത്തി അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു. എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍മാണം സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ക്രൈസ്തവ വോട്ടുകള്‍ നേടാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണ് ഇതിന്റെ പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
ആദി ചഞ്ചിന്‍ഗിരി മുട്ട് സ്വാമിയുടെ ഭക്തനായ ശിവകുമാര്‍ എന്തുകൊണ്ട് അദ്ദേഹത്തിന്റെ പ്രതിമ നിര്‍മിക്കുന്നില്ലെന്നും ഹിന്ദു ദൈവങ്ങള്‍ കൂടി ഇവിടെയുണ്ടെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ നേര്‍ക്കു കൂടി ശിവകുമാറിന്റെ ശ്രദ്ധ തിരിഞ്ഞാല്‍ അതു നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡേയും അദ്ദേഹത്തിനെതിരെ രംഗത്തെത്തി. തന്റെ ഇറ്റാലിയന്‍ നേതാവിനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് ശിവകുമാര്‍ ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു ഹെഗ്‌ഡെയുടെ പ്രസ്താവന. അടുത്ത പി.സി.സി പ്രസിഡന്റാവാനുള്ള ശിവകുമാറിന്റെ നീക്കമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.