കര്‍ഷക ബില്ലിനെ പിന്തുണയ്ക്കുന്ന പരസ്യത്തില്‍ അനുവാദമില്ലാതെ ചിത്രം നല്‍കി; ബി.ജെ.പിയ്‌ക്കെതിരെ നിയമനടപടിയുമായി കര്‍ഷകന്‍
farmers march
കര്‍ഷക ബില്ലിനെ പിന്തുണയ്ക്കുന്ന പരസ്യത്തില്‍ അനുവാദമില്ലാതെ ചിത്രം നല്‍കി; ബി.ജെ.പിയ്‌ക്കെതിരെ നിയമനടപടിയുമായി കര്‍ഷകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd December 2020, 5:51 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷകബില്ലുകളെ അനുകൂലിച്ച് പുറത്തിറക്കിയ പരസ്യത്തില്‍ നിയമവിരുദ്ധമായി തന്റെ ചിത്രം നല്‍കിയതിനെതിരെ പരാതിയുമായി യുവകര്‍ഷകന്‍. സിംഗു അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തുന്ന ഹര്‍പ്രീത് സിംഗ് ആണ് ബി.ജെ.പിയ്‌ക്കെതിരെ രംഗത്തെത്തിയത്.

പരസ്യത്തില്‍ നല്‍കിയ ഫോട്ടോയും തന്റെ യഥാര്‍ത്ഥ ഫോട്ടോയും ചേര്‍ത്ത് ബി.ജെ.പിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ഹര്‍പ്രീത്. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശിയായ ഹര്‍പ്രീത് അഭിനയരംഗത്തും സജീവമാണ്.

എന്നാല്‍ കര്‍ഷക ബില്ലുകള്‍ക്കെതിരെ നിലപാടെടുത്തിരിക്കുന്ന തന്റെ ചിത്രം ബില്ലിനെ അനുകൂലിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

കര്‍ഷകബില്ലുകളെ പിന്തുണയ്ക്കുന്ന രീതിയിലാണ് പരസ്യപോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കലപ്പയുമായി നില്‍ക്കുന്ന ഹര്‍പ്രീതിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. പഞ്ചാബിലെ ബി.ജെ.പി ഘടകമാണ് ഇതിനു പിന്നിലെന്നാണ് ഹര്‍പ്രീത് പറയുന്നത്.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ഫോട്ടോയാണ് ബി.ജെ.പി പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്. തന്റെ അനുവാദമില്ലാതെ ഫേസ്ബുക്ക് പേജില്‍ നിന്നുമാണ് അവര്‍ ഈ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതെന്നായിരുന്നു ഹര്‍പ്രീത് പറഞ്ഞത്.

8ajbv4mo

‘ബി.ജെ.പിയുടെ പോസ്റ്റര്‍ ബോയ് എന്നാണ് ഇപ്പോള്‍ ആളുകള്‍ എന്നെ പരിഹസിക്കുന്നത്. ഞാന്‍ അവരെ പിന്തുണയ്ക്കുന്നില്ല. പ്രതിഷേധിക്കുന്ന കര്‍ഷകരുടെ പോസ്റ്റര്‍ ബോയ് എന്ന പേര് കേള്‍ക്കാനാണ് ഇഷ്ടം’, ഹര്‍പ്രീത് പറഞ്ഞു.

അതേസമയം, കര്‍ഷക പ്രതിഷേധം 27ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ദല്‍ഹിയിലെ ഗുരുദ്വാര പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു.

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് മോദി പറഞ്ഞിരുന്നെങ്കിലും അതിനുള്ള നീക്കങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി അഭിസംബോധന ചെയ്തത്.

എന്നാല്‍ നിയമം പിന്‍വലിക്കുന്നതുവരെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. പഞ്ചാബ് സര്‍ക്കാരും കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Farmer Alleges Bjp Illegally Uses His Photo For Farmlaws