മുംബൈ: തന്റെ ഭാര്യാസഹോദരനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയില്‍ മൗനം അവസാനിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
കാവി പാര്‍ട്ടിക്ക് അധികാരത്തിന്റെ വിശപ്പാണെന്നും അതിനാല്‍ തന്റെ സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. തന്റെ ബന്ധുക്കളെയും ശിവസേന പ്രവര്‍ത്തകരേയും ലക്ഷ്യം വെച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘ബി.ജെ.പിക്ക് അധികാരം വേണമെങ്കില്‍ അത് അവര്‍ക്ക് നല്‍കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ആദ്യം, അവര്‍ ഉന്നയിക്കുന്ന കുറ്റങ്ങള്‍ ചുമത്തി എന്നെ ജയിലില്‍ അടയ്ക്കണം. അധികാരത്തിനു വേണ്ടിയല്ല, ഞാന്‍ നിങ്ങളോടൊപ്പം നില്‍ക്കാമെന്ന് ഞാന്‍ പറയുന്നു. നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍, എന്റെ കുടുംബാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതോ അവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതോ ആയ കാര്യങ്ങളില്‍ ഞാന്‍ ഭയപ്പെടുന്നുമില്ല,” ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി തങ്ങള്‍ക്കെതിരെ പോരാടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കുടുംബങ്ങളെ ലക്ഷ്യമിടുന്നതിന് പകരം അവര്‍ തന്നോട് പോരാടട്ടെ. ഇപ്പോള്‍ അവര്‍ കാണിക്കുന്നത് ധൈര്യമല്ല. തങ്ങള്‍ ആരുടെയും കുടുംബാംഗങ്ങളെ ലക്ഷ്യമാക്കിയിട്ടില്ല, ഒരിക്കലും അവരുടെ കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ പരസ്യമായി പുറത്തുകൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അന്ന് ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയാണ് ഉണ്ടായിരുന്നത് എന്നാല്‍, ഇന്ന് രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. വീട്ടുജോലിക്കാരെ പോലെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്. ബി.ജെ.പി നേതാക്കള്‍ ആദ്യം ആരോപണം ഉന്നയിക്കുന്നു, ശേഷം ഇ.ഡി നടപടിയെടുക്കുന്നു,” ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.