ബംഗളുരു: ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ് വീണ്ടും. അധികാര മോഹികളായ ബി.ജെ.പി അഭിപ്രായ ഭിന്നതകളെ അടിച്ചമര്‍ത്തുകയാണെന്നും തന്നെപ്പോലുള്ളവര്‍ മിണ്ടാന്‍ പോലും പറ്റാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചുകാലമായി അഭിപ്രായ ഭിന്നതകള്‍ പ്രകടിപ്പിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ” കുറച്ചുകാലമായി ഇതുതന്നെയല്ലേ സംഭവിക്കുന്നത്? ഷാരൂഖ് ഖാന്‍ ഒതുക്കപ്പെട്ടില്ലേ? ആമിര്‍ ഖാനെ ഒതുക്കിയില്ലേ? അംബാസിഡര്‍ സ്ഥാനത്തുനിന്നുവരെ അദ്ദേഹത്തെ നീക്കിയില്ലേ? അദ്ദേഹത്തിന്റെ പല പരസ്യങ്ങളും നിര്‍ത്തിയില്ലേ? എന്റെ പരസ്യങ്ങളും റദ്ദാക്കിക്കൊണ്ടിരിക്കുകയാണ്. പരസ്യങ്ങളെക്കുറിച്ച് എനിക്കു പറയാന്‍ കഴിയില്ല, കാരണം അതിന് പണവുമായി ബന്ധമുണ്ട്.” അദ്ദേഹം പറഞ്ഞു.
അടുത്തിടെ അസഹിഷ്ണുത വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “പശുവുമായി ബന്ധപ്പെട്ട് നിങ്ങള്‍ നിയമം പാസാക്കുന്നു. നിങ്ങള്‍ക്ക് സംശയം തോന്നിയെന്ന ഒറ്റക്കാരണം കൊണ്ട് നിങ്ങള്‍ ചിലരെ കൊല്ലുന്നു. ഒരുമിച്ചിരിക്കുന്ന യുവതീയുവാക്കള്‍ക്കുനേരെ നിങ്ങള്‍ കല്ലെറിയുകയും അവരെ വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. ഇത് ഭയംവിതക്കലല്ലെങ്കില്‍ മറ്റെന്താണ്?” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിക്ക് വോട്ടു ചെയ്ത് ഈ ദുരന്തം സ്വയം വിളിച്ചുവരുത്തിയതാണെന്ന് തിരിച്ചറിയുന്ന “നിശബ്ദരായ വലിയൊരു ഭൂരിപക്ഷം” ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.