കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചും പണവും മന്ത്രി പദവിയും വാഗ്ദാനം ചെയ്തും ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നു: കെ.സി വേണുഗോപാല്‍
ബെംഗളൂരു: കര്‍ണാടകയില്‍ ഇപ്പോള്‍ നടക്കുന്നത് ഇന്‍കംടാക്സ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് ഭീഷണിപ്പെടുത്തിയും പണവും മന്ത്രിപദവിയും വാഗ്ദാനം ചെയ്തും ആളുകളെ കൂറുമാറ്റുന്ന പ്രക്രിയയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കര്‍ണാടകയില്‍ സംയുക്ത സര്‍ക്കാര്‍ വന്നതിന് ശേഷം നടക്കുന്ന ആറാമത്തെ അട്ടിമശ്രമമാണ് ബി.ജെ.പി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
വിമത എം.എല്‍.എമാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിനായി കര്‍ണാടകയില്‍ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചിരിക്കുകയാണ്. ആദ്യം രാജിവെച്ചത് കോണ്‍ഗ്രസിന്റെ 21 മന്ത്രിമാരാണ്. മന്ത്രിമാരെല്ലാം രാജിവെച്ചെന്നും ഉടന്‍ പുനസംഘടനയുണ്ടാവുമെന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തിരുന്നു.