| Friday, 14th December 2018, 10:36 pm

ശബരിമല വിഷയത്തിൽ മാത്രം ബി.ജെ.പി നടത്തുന്നത് അഞ്ചാമത്തെ ഹർത്താല്‍; ജന രോഷം ശക്തം

അലി ഹൈദര്‍

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിവിധിയില്‍
വെള്ളിയാഴ്ച്ചത്തേതുള്‍പ്പടെ സംസ്ഥാനത്ത് ബി.ജെ.പി നടത്തിയത്  അഞ്ച് ഹര്‍ത്താലുകള്‍. അതില്‍  രണ്ടെണ്ണം സംസ്ഥാന വ്യാപകമായി നടത്തിയപ്പോൾ, രണ്ടെണ്ണം പത്തനംതിട്ടയിൽ മാത്രമായാണ് നടത്തിയത്. മറ്റൊന്ന് തിരുവനന്തപുരത്തും.

ഒക്ടോബർ 7നാണ് ശബരിമല വിഷയത്തിലുള്ള ആദ്യത്തെ ഹർത്താൽ ബി.ജെ.പി. നടത്തുന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് പുനഃപരിശോധനാ ഹർജി കൊടുക്കാത്തതിന് പ്രതിഷേധിച്ചിട്ടായിരുന്നു ഇത്. യുവമോർച്ച സംഘടിപ്പിച്ച പ്രതിഷേധത്തിൽ പ്രവർത്തകർക്ക് പൊലീസ് മർദ്ദനമേറ്റതും ഹർത്താലിന് കാരണമായി ബി.ജെ.പി പറഞ്ഞിരുന്നു.

ശബരിമലയിൽ തീർത്ഥാടനത്തിന് പോയ ശിവദാസന്റെ മരണത്തിൽ പ്രതിഷേധിച്ചായിരുന്നു  മറ്റൊരു  ഹർത്താൽ. ശബരിമല തീര്‍ത്ഥാടനത്തിന് പോയ ശിവദാസന്‍ എന്ന ലോട്ടറി വില്‍പ്പനക്കാരന്‍ ളാഹയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് കൊല ചെയ്യപ്പെട്ടത് എന്ന വ്യാജപ്രചരണം അഴിച്ചു വിട്ടായിരുന്നു ബി.ജെ.പി പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയത്, എന്നാല്‍ നിലയ്ക്കലിലെ പൊലീസ് നടപടിക്ക് ശേഷമാണ് ശിവദാസന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത് എന്ന് തിരിച്ചറിയുകയുണ്ടായി. എന്നാൽ സത്യാവസ്ഥ അറിയുന്നതിന് മുന്നേ തന്നെ ബി.ജെ.പി. ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു നവംബര്‍ രണ്ടാം തീയതിയാണ് ഈ ഹര്‍ത്താല്‍ നടന്നത്.

ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു നവംബർ 17ന് ബി.ജെ.പി പിന്തുണയോടെ സംഘപരിവാര്‍ സംഘടനകള്‍ ചേര്‍ന്ന് ഹര്‍ത്താല‍ നടത്തിയത്. പുലർച്ചെ മൂന്ന് മണിക്ക് പ്രഖ്യാപിച്ച ഹർത്താൽ ജനങ്ങളെ ശരിക്കും വലച്ചു. വ്യാപക പ്രതിഷേധമാണ് ഹര്‍ത്താലിനെതിരെ അന്ന് ഉയര്‍ന്നത്.

യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍  പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു തിരുവനന്തപുരത്തെ ഹര്‍ത്താല്‍.

ശബരിമലയിലും സന്നിധാനത്തും നിലനില്‍ക്കുന്ന നിരോധനാജ്ഞ എടുത്തുകളയണമെന്നാവശ്യപ്പെട്ടായിരുന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എന്‍ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കുക എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലും കസേരകളും വലിച്ചെറിഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു പ്രവര്‍ത്തകയുടെ തലക്ക് പരിക്കേറ്റിരുന്നു. ഇതായിരുന്നു ഹര്‍ത്താലിന് കാരണം.

ഏറ്റവും ഒടുവില്‍ നടത്തിയ ഹര്‍ത്താലും മറ്റൊരു വ്യാജ പ്രചരണത്തിന്‍റെ പേരിലായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.

അതേസമയം ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഇതര സംഘടനകളും ചേര്‍ന്ന് നടത്തിയത് 97 ഹര്‍ത്താലുകലാണ.
അതില്‍ 33 ഹര്‍ത്താലും നടത്തിയിരിക്കുന്നത് ബി.ജെ.പിയാണ്. ബി.ജെ.പിക്ക് തൊട്ടു പിന്നിലായി യു.ഡി.എഫുമുണ്ട്. 27 ഹര്‍ത്താലുകളാണ് യു.ഡി.എഫ് ഈ വര്‍ഷം ഇതുവരെ നടത്തിയത്. 16 ഹര്‍ത്താലുകളാണ് ഭരണകക്ഷിയായ എല്‍.ഡി.എഫ് ഇതുവരെ നടത്തിയത്.

കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടന്ന ബന്ദ് ഉള്‍പ്പെടെയാണിത്. എ.കെ.ജിയെ അവഹേളിച്ച കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് നടത്തിയ ഹര്‍ത്താലാണ് 2018ലെ ആദ്യ ഹര്‍ത്താല്‍.

2017ല്‍ 120 ഹര്‍ത്താലുകളാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയത്. ഇതില്‍ വലിയൊരു പങ്കും പ്രാദേശിക ഹര്‍ത്താലുകളായിരുന്നു.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more