പാലക്കാട്: പാലക്കാട് നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുകളില്‍ ബി.ജെ.പിയുടെ കൊടി കെട്ടി പ്രവര്‍ത്തകര്‍. ഇന്ന് രാവിലെ നഗരസഭയില്‍ സ്റ്റാന്റിങ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കവേയായിരുന്നു സംഭവം.
ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് ബി.ജെ.പിയുടെ കൊടി കെട്ടിയത്. ആരാണ് ചെയ്തതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ ചെയര്‍പേഴ്‌സണെ ഉപരോധിച്ചു.
ബി.ജെ.പി അറിഞ്ഞുകൊണ്ടാണ് ഇത് ചെയ്തതെന്നും ചെയര്‍പേഴ്‌സണ്‍ മറുപടി പറയണമെന്നും യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു
സ്റ്റാറ്റിങ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് ഇത് സംഭവിച്ചത്. ഇതിന് പിന്നാല്‍ ആര്‍.എസ്.എസിന്റെ അജണ്ടയാണ്. ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും അറിഞ്ഞുകൊണ്ടാണ് ഇത് നടന്നത്. നഗരസഭയ്ക്ക് മുകളില്‍ കൊടികെട്ടിയത് തങ്ങള്‍ അറിഞ്ഞില്ലെന്നാണ് അവര്‍ പറഞ്ഞത്. ഇതും അറിഞ്ഞില്ലെന്ന് പറയുന്നു.
ചെയര്‍പേഴ്‌സണ്‍ മറുപടി പറയാതെ ഉപരോധ സമരം അവസാനിപ്പിക്കില്ല. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു. രണ്ട് സ്വതന്ത്ര കൗണ്‍സിലര്‍മാരും യു.ഡി.എഫിന് പിന്തുണ നല്‍കി ചെയര്‍പേഴ്‌സണെ ഉപരോധിക്കുകയാണ്.
പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബി.ജെ.പി കൊടി പുതപ്പിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമയ്ക്ക് ചുറ്റും സംരക്ഷണ കവചമൊരുക്കി പ്രതിഷേധിച്ചിട്ടുണ്ട്.
പാലക്കാട് നഗരസഭയില്‍ ജയിച്ചപ്പോള്‍ ശ്രീരാമന്റെ ചിത്രം തൂക്കിയ ബി.ജെ.പി ഇന്ന് ഗാന്ധിജിയെ അപമാനിച്ചെന്നും ഇത് അനുവദിച്ചു തരാന്‍ കഴിയില്ലെന്നും ഡി.വൈ.എഫ്.ഐ പ്രതികരിച്ചു.
മതനിരപേക്ഷയ്ക്ക് മേലുള്ള കടന്നുകയറ്റമാണ് ഇത്. മതനിരപേക്ഷത ആഗ്രഹിക്കുന്നവരുടെ മനസിന്റെ വികാരം ബി.ജെ.പി വ്രണപ്പെടുത്തി.
ആര്‍.എസ്.എസ് ജീവനെടുത്ത ഗാന്ധിജിയുടെ മേല്‍ ബി.ജെ.പി പതാക പുതപ്പിച്ചിരിക്കുകയാണ്.
അദ്ദേഹത്തെ കൊലപ്പെടുത്തിയവര്‍ പിന്നീട് അദ്ദേഹത്തിന്റെ പ്രതിമയില്‍ ആവര്‍ത്തിച്ചു വെടിവെച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രതിമയില്‍ കാവിപ്പതാക പുതപ്പിച്ചിരിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.
പ്രതിഷേധത്തിന് പിന്നാലെ പൊലീസ് എത്തി ഗാന്ധി പ്രതിമയ്ക്ക് മേല്‍ സ്ഥാപിച്ച ബി.ജെ.പി കൊടി അഴിച്ചുമാറ്റിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക