കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം അത്ര എളുപ്പമാവില്ല; ഭീഷണി നേരിടുന്നത് അകത്ത് നിന്ന് തന്നെ
national news
കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം അത്ര എളുപ്പമാവില്ല; ഭീഷണി നേരിടുന്നത് അകത്ത് നിന്ന് തന്നെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th November 2019, 7:08 pm

ബെംഗളൂരു: കര്‍ണാടകത്തിലെ 15 നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ മണ്ഡലങ്ങളില്‍ വിജയിച്ച് യെദിയൂരപ്പ സര്‍ക്കാരിനെ സ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമം.

എന്നാല്‍ ബി.ജെ.പിയുടെ നീക്കം അത്ര എളുപ്പമല്ലെന്നാണ് കര്‍ണാടകയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നേരത്തെ അയോഗ്യരാക്കപ്പെട്ട 16 എം.എല്‍.എമാരില്‍ 13 പേര്‍ക്കും ബി.ജെ.പി സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ്, ജനതാദള്‍ എം.എല്‍.എമാരായിരുന്ന ഇവര്‍ക്ക് സീറ്റുകള്‍ നല്‍കിയതാണ് ബി.ജെ.പിയ്ക്കകത്ത് പൊട്ടിത്തെറി ഉണ്ടാക്കിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ മണ്ഡലങ്ങളില്‍ നേരത്തെ മത്സരിച്ച ബി.ജെ.പി നേതാക്കള്‍ക്ക് സീറ്റ് നല്‍കാതെ ഇപ്പോള്‍ പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് സീറ്റ് നല്‍കിയതിലാണ് പ്രതിഷേധം. കുറഞ്ഞത് അഞ്ച് സീറ്റുകളിലെങ്കിലും ഇക്കാരണം കൊണ്ട് വിമത സ്ഥാനാര്‍ത്ഥികളോ അകത്ത് നിന്നുള്ള നീക്കമോ ഉണ്ട്.

ഹോസ്‌ടോക്കില്‍ ബി.ജെ.പി നേതാവായ ശരത് ബച്ചേ ഗൗഡ ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.ടി.ബി നാഗരാജിനെതിരെ മത്സരിക്കുന്നുണ്ട്. ഇത് കൂടാതെ മറ്റ് മണ്ഡലങ്ങളില്‍ പ്രാദേശിക ബി.ജെ.പി നേതാക്കളും സ്വതന്ത്രരായി പത്രിക നല്‍കിയിട്ടുണ്ട്.

ബി.ജെ.പിയുടെ സീറ്റ് വിതരണത്തില്‍ എതിര്‍പ്പുന്നയിച്ചവരെ യെദിയൂരപ്പ വിളിച്ചു വരുത്തി സംസാരിച്ചു. പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കാമെന്ന് ഇവര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അങ്ങനെ തന്നെ നടക്കുമോ എന്ന കാര്യത്തില്‍ പ്രാദേശിക തലത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് ആശങ്കയുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ എതിര്‍പ്പുള്ള നേതാക്കള്‍ പ്രവര്‍ത്തനത്തില്‍ സജീവരാകാതിരുന്നാല്‍ അത് വിജയസാധ്യതയെ ബാധിക്കുമോ എന്നതാണ് ബി.ജെ.പി നേതാക്കളുടെ ആശങ്ക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ