അക്രമത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജെ.എന്‍.യു ക്യാമ്പസിലെത്തിയ നടി ദീപിക പദുകോണിനെതിരെയുള്ള സംഘപരിവാറിന്റെ നീക്കങ്ങളെല്ലാം പാളിപ്പോകുന്നതായാണ് പുതിയ വാര്‍ത്തകള്‍. ദീപികയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ബി.ജെ.പി വലിയ പ്രചരണം നടത്തിയിരുന്നു. പക്ഷെ ദീപികയുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്.
സംഘപരിവാറിന് കനത്ത തിരിച്ചടി സൃഷ്ടിച്ചുകൊണ്ട് 40,000 പേരാണ് ദീപികയെ പുതുതായി ഫോളോ ചെയ്തത്.
‘ചപക്’ ബഹിഷ്‌കരിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രചാരണത്തിലെ കള്ളക്കളികളും സാമൂഹ്യ മാധ്യമങ്ങള്‍ തുറന്നു കാട്ടിയിരുന്നു. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തതായി പലരും പങ്കുവെച്ച ചിത്രങ്ങളെല്ലാം ഒരേ ഒരു ടിക്കറ്റിന്റേതാണെന്ന് കണ്ടെത്തിയിരുന്നു.
ദീപികയുടെ സിനിമക്ക് പിന്തുണയുമായി സിനിമരംഗത്ത് നിന്ന് മാത്രമല്ല, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും നിരവധി പേര്‍ വരുന്നുണ്ട്.
ദീപികക്കെതിരെയുള്ള ബി.ജെ.പി അനുകൂലികളുടെ പ്രചരണത്തെ തകര്‍ത്തുകൊണ്ട് സ്റ്റാന്‍ഡ് വിത്ത് ദീപിക, ഐ സപ്പോര്‍ട്ട ദീപിക തുടങ്ങിയ ഹാഷ് ടാഗുകള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ തോതിലുള്ള സ്വീകാര്യത ലഭിച്ചിരുന്നു.
ജെ.എന്‍.യുവില്‍ ഗുണ്ടാ അക്രമണത്തിനിരയ വിദ്യാര്‍ത്ഥികളെ ചൊവ്വാഴ്ച്ച ദീപിക പദുക്കോണ്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ദീപികയുടെ വെള്ളിയാഴ്ച റിലീസിനൊരുങ്ങുന്ന ചിത്രം ‘ചപകി’നെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു. ചിത്രം ബഹിഷ്‌കരിക്കണമെന്ന ആഹ്വനവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ സാമൂഹിക പ്രസക്തയുള്ള ചിത്രത്തിന് പിന്തുണ നല്‍കി കലാ സാംസ്‌കാരിക രംഗത്തു നിന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.