ഇന്ത്യയിലെ സ്ത്രീകൾക്ക് മറുപടി നൽകൂ; വനിതാ ദിനത്തിൽ പ്രധാനമന്ത്രിക്കെതിരെ ജയ്റാം രമേശ്‌
World News
ഇന്ത്യയിലെ സ്ത്രീകൾക്ക് മറുപടി നൽകൂ; വനിതാ ദിനത്തിൽ പ്രധാനമന്ത്രിക്കെതിരെ ജയ്റാം രമേശ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th March 2024, 11:39 am

ന്യൂദൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് സല്യൂട്ട് അർപ്പിക്കുകയല്ലാതെ നരേന്ദ്ര മോദി ഒന്നും ചെയ്യില്ലെന്ന് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയ്റാം രമേശ്‌.

മോദി എന്തുകൊണ്ടാണ് മണിപ്പൂരിൽ സന്ദർശനം നടത്താത്തത് എന്നും ബി.ജെ.പി എം.പിക്കെതിരെ വനിതാ ഗുസ്തി താരങ്ങൾ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത് എന്നും രാജ്യത്തെ മുഴുവൻ സ്ത്രീകളും ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തുടനീളമുള്ള സ്ത്രീകൾ അദ്ദേഹത്തോട് ചോദിക്കുന്ന പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ഇതാ. കഴിഞ്ഞവർഷം മുതൽ മണിപ്പൂർ ഒരു ആഭ്യന്തരയുദ്ധം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇരകളിൽ ഭൂരിപക്ഷവും സ്ത്രീകളാണ്.

സ്ത്രീകൾ ആക്രമിക്കപ്പെട്ടതിന്റെയും അവരെ നഗ്നരായി പരേഡ് ചെയ്യിപ്പിച്ചതിന്റെയും വീഡിയോകൾ പുറത്തുവന്നിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പിയുടെ ‘ഡബിൾ അന്യായ്’ ഭരണം നടക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

എന്തുകൊണ്ടാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് സന്ദർശിക്കുക പോലും ചെയ്യാത്തത്?’ ജയ്റാം രമേശ്‌ എക്‌സിൽ ചോദിച്ചു.

ബ്രിജ് ഭൂഷൻ ശരൺ സിങ്ങും ‘മോദി കുടുംബത്തിലെ’ (മോദി കാ പരിവാർ) അംഗമാണോ എന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യൻ തൊഴിൽ മേഖലയിലെ സ്ത്രീ സാന്നിധ്യം മൻമോഹൻ സർക്കാരിന് കീഴിലുള്ളതിനെ അപേക്ഷിച്ച് 20 ശതമാനം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2014ൽ അധികാരത്തിൽ വന്നപ്പോൾ കൊട്ടിഘോഷിച്ചുകൊണ്ട് ആരംഭിച്ച ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതിയിൽ 80 ശതമാനം ബജറ്റും പരസ്യങ്ങൾക്ക് വേണ്ടി മാത്രമാണ് ചെലവഴിച്ചത് എന്ന വസ്തുതയും അദ്ദേഹം ഓർമിപ്പിച്ചു.

‘പെൺ ശൈശവമരണം തടയാനും സ്ത്രീകളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുവാനും പ്രധാനമന്ത്രിക്ക് അർത്ഥവത്തായ എന്തെങ്കിലും കാഴ്ചപ്പാടുണ്ടോ?

അതോ തന്റെ പടം പരസ്യത്തിൽ അച്ചടിക്കാനും സ്വയം ബ്രാൻഡ് ചെയ്യാനും മറ്റൊരു അവസരം മാത്രമാണോ ഈ പ്രശ്നവും?

ഇന്ത്യയിലെ സ്ത്രീകൾ മറുപടി അർഹിക്കുന്നു. ബി.ജെ.പി ഹഠാവോ, ബേട്ടി ബചാവോ!’ രമേശ്‌ പറഞ്ഞു.

CONTENT HIGHLIGHT: ‘BJP hatao, beti bachao’: Congress on International Women’s Day