രാമക്ഷേത്രം നിര്‍മിച്ച് നല്‍കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തോല്‍വി ഉറപ്പാക്കും: അയോധ്യയിലെ സന്യാസി
National
രാമക്ഷേത്രം നിര്‍മിച്ച് നല്‍കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തോല്‍വി ഉറപ്പാക്കും: അയോധ്യയിലെ സന്യാസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th June 2018, 4:20 pm

ന്യൂദല്‍ഹി: ബി.ജെ.പിക്ക് വീണ്ടും അധികാരത്തില്‍ വരണമെങ്കില്‍ അവര്‍ രാമക്ഷേത്രം നിര്‍മ്മിച്ച് നല്‍കണമെന്ന് ഉത്തര്‍പ്രദേശിലെ ചവാനി ക്ഷേത്രത്തിലെ സന്യാസി മഹന്ത് പരമഹന്‍സ് ദാസ്. അല്ലെങ്കില്‍ അവരെ തോല്‍പ്പിക്കാനുള്ള നീക്കം നടത്തുമെന്നും ദാസ് പറഞ്ഞു.

“അവര്‍ക്ക് (ബി.ജെ.പി) വീണ്ടും 2019ല്‍ അധികാരത്തില്‍ വരണമെങ്കില്‍ അവര്‍ രാമക്ഷേത്രം നിര്‍മിച്ച് നല്‍കണം. അല്ലെങ്കില്‍ ഞങ്ങള്‍ പ്രക്ഷോഭം ആരംഭിക്കും. അവര്‍ തോല്‍ക്കുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും” – ദാസ് എ.എന്‍.ഐയോട് പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പില്‍ വികസനമായിരിക്കും മുഖ്യചര്‍ച്ചാ വിഷയമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമെന്നോണമാണ് ദാസ് രംഗത്തെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മുഖ്യ വാഗ്ദാനമായിരുന്നു രാമക്ഷേത്രം.


Read | സുനന്ദ കേസില്‍ ശശി തരൂരിനെതിരായ കുറ്റപത്രം കോടതി അംഗീകരിച്ചു; ജൂലൈ 7 ന് തരൂര്‍ നേരിട്ട് ഹാജരാകണം


 

അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇപ്പോള്‍ സുപ്രീം കോടതി പരിഗണനയിലിരിക്കുന്ന വിഷയമാണ്. കോടതി ഉത്തരവ് പ്രകാരമേ കേന്ദ്ര സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാനാവൂ. ഈ അവസരത്തിലാണ് ബി.ജെ.പിക്ക് ഭീഷണിയുമായി സന്യാസി രംഗത്തെത്തിയിരിക്കുന്നത്.