| Tuesday, 5th October 2021, 8:55 pm

രക്തത്തിന്റെ രുചിയറിഞ്ഞവരാണവര്‍; ബി.ജെ.പിയ്‌ക്കെതിരെ ആഞ്ഞടിച്ച് ലാലു പ്രസാദ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബി.ജെ.പിയ്‌ക്കെതിരെ ആഞ്ഞടിച്ച് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. പാര്‍ട്ടി പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹിന്ദുക്കളെ മുസ്‌ലിങ്ങള്‍ക്കെതിരെ തിരിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. മൃഗങ്ങള്‍ക്ക് സമാനമായി രക്തത്തിന്റെ രുചിയറിഞ്ഞവരാണവര്‍,’ ലാലുപ്രസാദ് പറഞ്ഞു.

ലഖിംപൂര്‍ കൂട്ടക്കൊലയെ അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയ്‌ക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ കെട്ടുറപ്പില്‍ സംശയം പ്രകടിപ്പിച്ച അദ്ദേഹം ഒന്നിച്ച് നിന്നാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറിയത്.

നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP has tasted blood, got power by pitting Hindus against Muslims: Lalu Prasad Yadav

We use cookies to give you the best possible experience. Learn more