| Thursday, 22nd February 2024, 8:41 am

അധ്യക്ഷ തെരഞ്ഞെടുപ്പ് നിര്‍ത്തലാക്കി ബി.ജെ.പി; ഇനിമുതല്‍ തീരുമാനമെടുക്കുന്നത് പാര്‍ലമെന്ററി ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയുടെ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന തീരുമാനവുമായി ബി.ജെ.പി. ഇതോടെ പ്രസിഡന്റിനെ തീരുമാനിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡിനാണ്. ഞായറാഴ്ച നടന്ന ബി.ജെ.പിയുടെ ദേശീയ കണ്‍വെന്‍ഷനിലാണ് പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്ത് ഉത്തരവിറക്കിയത്.

ഇതോടെ പ്രസിഡന്റിന്റെ കാലാവധി നീട്ടുന്നതുള്‍പ്പടെയുള്ള എല്ലാ വിഷയത്തിലും തീരുമാനമെടുക്കാന്‍ പാര്‍ലമെന്ററി ബോര്‍ഡിന് അനുമതി നല്‍കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാല്‍ ആണ് കണ്‍വെന്‍ഷനില്‍ ഇത് സംബന്ധിച്ച നിര്‍ദേശം കൊണ്ട് വന്നത്.

നിയമസഭ തെരഞ്ഞെടുപ്പിന്റെയും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെയും തിരക്കിനിടയില്‍ പാര്‍ട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പിനായുള്ള കീഴ്‌വഴക്കങ്ങള്‍ പിന്തുടരാന്‍ പ്രയാസമാണെന്നാണ് തീരുമാനത്തിന് പിന്നിലെ കാരണമായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിലവിലെ ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടിയിരിക്കുകയാണ്. 1980ല്‍ ബി.ജെ.പി രൂപം കൊണ്ടത് മുതല്‍ ആര്‍.എസ്.എസ് തീരുമാനിക്കുന്നവരായിരുന്നു പ്രസിഡന്റായിരുന്നതെങ്കിലും പേരിനെങ്കിലും തെരഞ്ഞെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തിലൂടെ ഭാവിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള അവസരം ഇല്ലാതായിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിക്കുന്നവര്‍ മാത്രമാണ് പാര്‍ലമെന്ററി ബോര്‍ഡിലെ അംഗങ്ങള്‍. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 543 സീറ്റുകളില്‍ 370 സീറ്റ് നേടി പാര്‍ട്ടി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് കണ്‍വെന്‍ഷനില്‍ പാര്‍ട്ടി അവകാശപ്പെട്ടു.

2019ലാണ് നദ്ദ ബി.ജെ.പി ദേശീയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. 2020ല്‍ അദ്ദേഹത്തിന് തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിയുടെ സ്ഥിരം ചുമതല നല്‍കുകയും പിന്നീട് രണ്ട് തവണ കാലാവധി നീട്ട് നല്‍കുകയും ചെയ്തിരുന്നു.

Contant Highlight: BJP has stopped the party presidential elections; the decision will be taken by the Parliamentary Board

We use cookies to give you the best possible experience. Learn more