| Monday, 23rd October 2017, 12:18 pm

മുദ്രാവാക്യങ്ങള്‍ മാത്രമേ ബി.ജെ.പി തന്നിട്ടുള്ളൂ; രാഹുലാണ് സത്യസന്ധന്‍; ഗുജറാത്ത് ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: ഗുജറാത്തിലെ ബി.ജെ.പി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഗുജറാത്തിലെ ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍. ഇന്ന് കോണ്‍ഗ്രസില്‍ ചേരാനിരിക്കവേയാണ് അല്‍പേഷ് ബി.ജെ.പിക്കെതിരെ രംഗത്തെത്തിയത്.

“ബി.ജെ.പിയുടെ ആകെയുള്ള സംഭാവനയെന്നത് അവരുടെ മുദ്രാവാക്യം വിളികള്‍ മാത്രമാണ്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്കായി ബി.ജെ.പി നിരവധി മുദ്രാവാക്യങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് വേണ്ടി ബി.ജെ.പി ഒന്നും ചെയ്തില്ല.

എന്നാല്‍ കോണ്‍ഗ്രസിന്റെ മുഖം അതല്ല, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം നീതിപൂര്‍വമാണ്. രാഹുല്‍ ഗാന്ധി സത്യസന്ധനായ നേതാവാണ്. അദ്ദേഹത്തിന് കുലീനമായ ലക്ഷ്യങ്ങളാണ് ഉള്ളത്. അദ്ദേഹം എന്നോട് പറഞ്ഞത് ഞ്ങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നാണ്. കോണ്‍ഗ്രസില്‍ ചേരാനായി ഒരു സ്ഥാനവും ഞാന്‍ ആവശ്യപ്പെട്ടില്ല”. – ന്യൂസ് 18 നോട് സംസാരിക്കവേ അല്‍പേഷ് താക്കൂര്‍ പറഞ്ഞു.

രാഹുല്‍ഗാന്ധിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരെ നടക്കുന്ന ഓരോ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. അതേസമയം ബി.ജെ.പിയില്‍ നടക്കുന്ന വലിയ അഴിമതിയെ കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും അല്‍പേഷ് പറഞ്ഞു.


Dont Miss ‘മോദി ഗുജറാത്തിന് വിലയിടണ്ട’ ; പട്ടേല്‍ നേതാവിന് കോഴ വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതൃത്വത്തിനെതിരെ രാഹുല്‍ഗാന്ധി


ജി.എസ്.ടിയും നോട്ട് നിരോധനവും തിരക്കിട്ട് നടപ്പാക്കിയ പദ്ധതികളാണ്. ബി.ജെ.പി പറഞ്ഞ എല്ലാ കള്ളപ്പണവും ഇപ്പോള്‍ വെളുത്ത് കഴിഞ്ഞു. വ്യാപാരികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ അത് മനസിലാക്കിയതെന്നും അല്‍പേഷ് പറയുന്നു.

ഗുജറാത്തിലെ ഒ.ബി.സി നേതാവായിരുന്ന അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതായി ഇന്നലെയാണ് പ്രഖ്യാപനം നടത്തിയത്. അല്‍പേഷ് താക്കൂറും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഗാന്ധിനഗറില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസിന്റെ കൂറ്റന്‍ റാലിയില്‍ വെച്ചായിരിക്കും പാര്‍ട്ടിക്കൊപ്പം ചേരുക.

ഗുജറാത്തിലെ കോണ്‍ഗ്രസ് തലവനായ ഭാരത് സിങ് സോളങ്കി പട്യാദാര്‍ സമരനേതാക്കളായ ഹാര്‍ദിക് പട്ടേലിനേയും ദളിത് നേതാവായ ജിഗ്നേഷ് മെവാനിയേയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇരുവരും വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

We use cookies to give you the best possible experience. Learn more