ത്യശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട ആരെയുമല്ല ഇപ്പോള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസുമായി സഹകരിക്കും. കേസ് ശരിയായ രീതിയില്‍ അന്വേഷിക്കണം. സി.കെ ജാനു അവരുടെ ആവശ്യത്തിനായി പണം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ ആക്രമിക്കാമെന്നും എന്നാല്‍ ജാനുവിനെ ആക്ഷേപിക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആദിവാസി നേതാവായത് കൊണ്ടാണോ ജാനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
‘സ്വര്‍ണക്കടത്ത് കേസില്‍ ഉണ്ടായത് പോലെ ആര്‍ക്കും നെഞ്ചു വേദനയുണ്ടാകുകയോ, കൊവിഡ് പോസിറ്റീന് ആകുകയോ ചെയ്തിട്ടില്ല. കേസുമായി ബന്ധമില്ലെന്ന് നൂറു ശതമാനം ഉറപ്പുള്ളതുകൊണ്ട് പൊലീസുമായി സഹകരിക്കും. മാധ്യമങ്ങളും സി.പി.ഐ.എമ്മും കള്ളം പറഞ്ഞ് ശൂന്യതയില്‍ നിന്ന് കഥയുണ്ടാക്കുകയാണ്.’ കെ. സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പിക്ക് കുരുക്ക് മുറുകുകയാണ്. കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പ്രതികള്‍ തൃശ്ശൂര്‍ ബി.ജെ.പി. ഓഫീസില്‍ എത്തിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവരാണ് തൃശ്ശൂര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്.
ഇവരെ നേതാക്കള്‍ വിളിച്ചുവരുത്തിയതാണോയെന്ന് അന്വേഷിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.
കൊടകര കുഴല്‍പ്പണ കേസിന് പുറമെ ജെ.ആര്‍.പി. നേതാവ് സി. കെ ജാനുവിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ 10 ലക്ഷം രൂപ നല്‍കി എന്നതുള്‍പ്പെടയുള്ള പണമിടപാട് കേസുകളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും എന്‍.ഡി.എയുടെ ഭാഗമാവുന്നതിനുമായി 10 ലക്ഷം രൂപ സി.കെ ജാനുവിന് കെ. സുരേന്ദ്രന്‍ നല്‍കിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീതയായായിരുന്നു വെളിപ്പെടുത്തിയത്.
ഇതിന് പിന്നാലെ പ്രതികരണവുമായി സി. കെ ജാനു രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും പാര്‍ട്ടി പിടിച്ചടക്കാനുള്ള നടപടിയാണിതെന്നുമാണ് സി. കെ ജാനു പറഞ്ഞത്.