| Saturday, 31st December 2022, 8:39 pm

ജയിക്കാന്‍ സാധ്യതയില്ലാത്ത 160 മണ്ഡലങ്ങള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു; 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഇപ്പോഴേ തുടങ്ങി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പിയുടെ പ്രചാരണത്തിന് ജനുവരി രണ്ട് മുതല്‍ തുടക്കമാകും. മഹാരാഷ്ട്രയില്‍ നിന്ന് പരിപാടിക്ക് തുടക്കം കുറിക്കാനാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നത്. ലോക്സഭാ പ്രവാസ് യോജന എന്നാണ് തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചാരണത്തിന് ബി.ജെ.പി പേര് നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചാരണത്തിന് തുടക്കമിടാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കും. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ലോക്സഭാ മണ്ഡലത്തിലെ പൊതുയോഗ പരമ്പരകളില് ജെ.പി. നദ്ദ പങ്കെടുക്കും.

ആദ്യഘട്ട പ്രചാരണത്തിനായി ലോക്സഭയിലെ ആകെയുള്ള 545 മണ്ഡലങ്ങളില്‍ 160 മണ്ഡലങ്ങള്‍ ബി.ജെ.പി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ദി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാരാഷ്ട്രയില്‍ 144 മണ്ഡലങ്ങളാണുള്ളത്, പാര്‍ട്ടിക്ക് ജയിക്കാന്‍ ബുദ്ധിമുട്ടുള്ള 18 എണ്ണം കണ്ടെത്തിയാണ് പ്രചരണത്തിനൊരുങ്ങുന്നത്.

2024 ഏപ്രില്‍-മെയ് മാസങ്ങളിലാകും ലോക്സഭാ തിരഞ്ഞെടുപ്പുണ്ടാകുക. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 302 സീറ്റുകളായിരുന്നു എന്‍.ഡി.എ സഖ്യത്തിന് ലഭിച്ചത്. എന്നാല്‍ 2024ല്‍ അത് 350 ആക്കുമെന്നാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നത്.

കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര, ബിഹാര്‍, പഞ്ചാബ്, ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് ഇത്തവണ അധിക സീറ്റുകള്‍ക്കായി ബി ജെ പി ലക്ഷ്യം വെക്കുന്നത്.

ഇവിടങ്ങളിലായി ആകെ 217 സീറ്റുകളാണ് ഉള്ളത്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പി സജീവ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇവിടുത്തെ 88 സീറ്റുകളില്‍ 60 സീറ്റുകളാണ് ബി.ജെ.പിയുടെ ഇത്തവണത്തെ സ്വപ്നം.

Content Highlight: BJP has just started 2024 Lok Sabha election campaign

We use cookies to give you the best possible experience. Learn more