ശ്രീനഗർ: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റിലും വിജയിക്കുമെന്ന് ബി.ജെ.പിക്ക് ആത്മവിശ്വാസം ഇല്ലെന്ന് കാണിക്കുന്നതാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള സി.എ.എ വിജ്ഞാപനമെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള.
രാമക്ഷേത്ര നിർമാണത്തിന് ശേഷം തോൽക്കില്ല എന്ന് പറഞ്ഞ ബി.ജെ.പിക്ക് ഇപ്പോൾ തങ്ങളുടെ നില ഭദ്രമല്ലെന്ന് തോന്നിയിട്ടുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘നിയമം പാസാക്കിയത് 2019ലാണ്. എന്നാൽ സി.എ.എ നിയമങ്ങളുടെ വിജ്ഞാപനം നടത്തിയതോ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ. ഇതിൽ നിന്ന് അവരുടെ ലക്ഷ്യം വ്യക്തമാണ്.
രാമക്ഷേത്രത്തിന്റെ നിർമാണത്തിന് ശേഷം തങ്ങൾ പരാജയപ്പെടില്ല എന്നാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ ഇപ്പോൾ തങ്ങളുടെ നില ഭദ്രമല്ലെന്ന് അവർക്ക് തോന്നിയിട്ടുണ്ടാകും, അതുകൊണ്ടാകും ഇപ്പോൾ പുതിയ ആയുധങ്ങളെടുക്കുന്നത്,’ ഒമർ അബ്ദുള്ള പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മതമാണ് ബി.ജെ.പി ഉപയോഗിക്കാൻ പോകുന്നത് എന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
‘മുസ്‌ലിങ്ങളെ എപ്പോഴും ബി.ജെ.പി ലക്ഷ്യമിട്ടിരുന്നു. അത് പാർട്ടിയെ സംബന്ധിച്ചു പുതുമയല്ല. സി.എ.എയിൽ പോലും മുസ്‌ലിങ്ങളെയാണ് പ്രത്യേകമായി ലക്ഷ്യം വെച്ചത്. മുമ്പും ഇത് തന്നെയായിരുന്നു അവരുടെ സമീപനം,’ അദ്ദേഹം വ്യക്തമാക്കി.
പരിഹാസരൂപേണ സി.എ.എ വിജ്ഞാപനം മുസ്‌ലിങ്ങൾക്ക് ലഭിച്ച റമദാൻ സമ്മാനമാണ് എന്നും അദ്ദേഹം പറഞ്ഞു.
‘സി.എ.എ വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ട് അവർ രാജ്യത്തെ മുസ്‌ലിങ്ങൾക്ക് റമദാൻ സമ്മാനം നൽകിയിരിക്കുകയാണ്. അതിൽ ഞങ്ങൾ ഖേദിക്കുന്നു,’ ഒമർ അബ്ദുള്ള പറഞ്ഞു.
Content Highlight: ‘BJP has given Ramadhan gift to Muslims by notifying CAA’: Omar Abdullah