നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി.
ചലച്ചിത്രരംഗത്തുള്ളവർക്കായി താരം ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കണമെന്നാണ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി ആവശ്യപ്പെടുന്നത്.
കമൽ ഹാസൻ നടത്തുന്ന വിരുന്നുകളിലും പാർട്ടികളിലും കൊക്കെയ്ൻ ഉപയോഗിക്കുന്നുവെന്ന് ഗായിക സുചിത്ര കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചിരുന്നു. തമിഴ് സിനിമ ലോകം മയക്കുമരുന്നിന്റെ പിടിയിലായ് നശിക്കുകയാണെന്നായിരുന്നു അവർ പറഞ്ഞത്.
ഇതിന് പിന്നാലെയാണ് നാരായണൻ തിരുപ്പതി തന്റെ എക്സിലൂടെ കമൽ ഹാസനെതിരെ രംഗത്തെത്തിയത്.
‘സുചിത്ര പറഞ്ഞ കാര്യങ്ങളിൽ ഗൗരവമായ അന്വേഷണം വേണം. നൽകിയ വിവരങ്ങൾ തെറ്റാണെങ്കിൽ സുചിത്രക്കെതിരെ നടപടിയെടുക്കണം.
ആരോപണത്തിൽ ഏതെങ്കിലും വിധത്തിൽ സത്യമുണ്ടെങ്കിൽ കമൽ ഹാസനെ ചോദ്യംചെയ്യണം. പാർട്ടികളിലേക്ക് എവിടെ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് കണ്ടെത്തണം,’ നാരായണൻ തിരുപ്പതി പറഞ്ഞു.
Content Highlight: BJP has demanded an investigation against Kamal Haasan