| Monday, 4th February 2019, 6:06 pm

'ബി.ജെ.പി. എന്നെ ഉപയോഗിക്കുകയായിരുന്നു': അണ്ണാ ഹസാരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദ്നഗർ: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാനായി ബി.ജെ.പി. തന്നെ ഉപയോഗിക്കുകയായിരുന്നവെന്നു സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. ലോക്പാലിന് വേണ്ടിയുള്ള തന്റെ സമരം വഴിയാണ് ബി.ജെ.പിയും ആം ആദ്മി പാർട്ടിയും അധികാരത്തിൽ വന്നതെന്നും അതെല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അവരോടുള്ള എല്ലാ ബഹുമാനവും തനിക്ക് ഇപ്പോൾ നഷ്ടപ്പെട്ടുവെന്നും അണ്ണാ ഹസാരെ പറഞ്ഞു. അഹമ്മദ്‌നഗറിലെ ഗ്രാമമായ റാലെഗൻ സിദ്ധിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സർക്കാർ ജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും രാജ്യത്തെ ഏകാധിപത്യത്തിലേക്ക് തള്ളിവിടുകയാണെന്നും അണ്ണാ ഹസാരെ പറഞ്ഞു. മഹാരാഷ്ട്രയിലെ ബി.ജെ.പി. സർക്കാർ കഴിഞ്ഞ നാല് വർഷമായി ജനങ്ങളോട് കള്ളങ്ങൾ പറഞ്ഞുകൊണ്ടാണ് അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read ശബരിമലയില്‍ ശുദ്ധിക്രിയ ചെയ്തത് ശരിയെന്ന് തന്ത്രിയുടെ വിശദീകരണം

“എത്ര നാളാണ് അസത്യം പറഞ്ഞു ഇവർ അധികാരത്തിൽ ഇരിക്കുക? ജനങ്ങളുടെ പ്രതീക്ഷകൾ അവർ ഇല്ലാതാക്കി. 90 ശതമാനത്തോളം വാഗ്‌ദാനങ്ങൾ നടപ്പാക്കിയെന്നുള്ള അവരുടെ വാദം പച്ചകള്ളമാണ്.” അണ്ണാ ഹസാരെ പറയുന്നു. തന്റെ സമരം ഉപയോഗപ്പെടുത്തി 2011ലും 2014ലും അധികാരം നേടിയവർ താൻ ഉന്നയിച്ച വിഷയങ്ങളെ കുറിച്ച് പിന്നീട് മിണ്ടിയിട്ടില്ലെന്നും കഴിഞ്ഞ അഞ്ച് വർഷമായി ഒരു മാറ്റവും കൊണ്ട് വരാൻ അവർ ശ്രമിച്ചില്ലെന്നും അണ്ണാ ഹസാരെ പറഞ്ഞു.

“സംസ്ഥാന സർക്കാരുകളും, കേന്ദ്ര സർക്കാരും ഞാനുമായി ചർച്ച നടത്താൻ ഉദ്ദേശിക്കുന്നെന്നുണ്ടെന്നു പറയുന്നു. പക്ഷെ ഇനി അതിന്റെ ആവശ്യമില്ല. അത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുകയേ ഉള്ളൂ. ശക്തമായ തീരുമാനമെടുത്ത് അതെല്ലാം കടലാസിലാക്കി എന്നെ അവർ ബോധ്യപ്പെടുത്തണം. എനിക്ക് അവരിലുള്ള വിശ്വാസം നഷ്ട്ടപെട്ടുകഴിഞ്ഞു.” അണ്ണാ ഹസാരെ പറയുന്നു. ഇപ്പോഴത്തെ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വേണമെങ്കിൽ തന്റെ സമരത്തിന്റെ ഭാഗമാകാമെന്നും, എന്നാൽ പ്രസംഗവേദി അദ്ദേഹവുമായി പങ്കിടാൻ താൻ തയാറാകില്ലെന്നും അണ്ണാ ഹസാരെ പറഞ്ഞു.

Also Read അന്നേ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്… കൈക്കൂലി വാങ്ങരുതെന്ന്; ഹിമാലയവാസത്തിനും വനവാസത്തിനും ശേഷം മോദി

തന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അണ്ണാ ഹസാരെ നടത്തുന്ന നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ മാസം ഒൻപതോടു കൂടി ഇക്കാര്യത്തിൽ തീരുമാനം എടുത്തില്ലെങ്കിൽ തനിക്ക് ലഭിച്ച പദ്മഭൂഷൺ പുരസ്കാരം തിരികെ നൽകുമെന്നും അണ്ണാ ഹസാരെ അറിയിച്ചിട്ടുണ്ട്.




We use cookies to give you the best possible experience. Learn more