ആലപ്പുഴ: ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായി ബി.ജെ.പി മാറിയെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നാല് കൊല്ലം മുമ്പ് ചൈനീസ് പാര്‍ട്ടിയുടെ അംഗസഖ്യ മറികടന്നുകൊണ്ടാണ് ഈ നേട്ടം പാര്‍ട്ടി കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ അടൂര്‍ മണ്ഡലം ഏഴംകുളം ഏരിയ ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്‍. 500 കൊല്ലം കഴിഞ്ഞാലും രാജ്യം ഭരിക്കുന്നത് ബി.ജെ.പിയായിരിക്കും എന്നതില്‍ സംശയമുണ്ടാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ്- സോഷ്യലിറ്റ് ആശയങ്ങളായിരുന്നു രാജ്യത്തെ നയിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന് ശേഷമുള്ള പഞ്ചവത്സര പദ്ധതികളില്‍ റഷ്യയുടെ ആശയങ്ങള്‍ കടമെടുത്തത്. അന്ന് ദീനദയാല്‍ ഉപാദ്ധ്യായ പറഞ്ഞതാണ് കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഈ നാടിനെ നയിക്കാന്‍ കഴിയില്ല എന്നത്. അത് അക്ഷരംപ്രതി ശരിയായതുകൊണ്ടാണ് രാജ്യം കടക്കെണിയിലായതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 100 കോടിജനങ്ങള്‍ക്കും വാക്‌സിന്‍ കൊടുക്കുന്നതോടൊപ്പം വാക്‌സിന് കയറ്റുമതി ചെയ്ത ഭരണാധികാരി നരന്ദ്രമോദി മാത്രമാണ്. യു.പിയില്‍ ബി.ജെ.പി തോറ്റാല്‍ കേരളമാകുമെന്ന് യോഗി പറഞ്ഞത് കേരളത്തിലെ മതഭീകരവാദികളെ ചൂണ്ടിക്കാണിച്ചാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, കൊവിഡ് രോഗികളെ അധിക്ഷേപിച്ച് കെ. സുരേന്ദ്രന്‍ സംസാരിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേയും പരാമര്‍ശങ്ങളോട് പ്രതികരിക്കവേയാണ് സുരേന്ദ്രന്‍ മരണപ്പെട്ട കൊവിഡ് രോഗികളെ അപമാനിച്ച് സംസാരിച്ചത്.
കേരളത്തിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേറെയാണെന്നും എത്ര പേര്‍ ചത്തുവെന്നുമാണ് സുരേന്ദ്രന്‍ ചോദിച്ചത്.
‘കേരളത്തെ ആരും ആക്ഷേപിച്ചിട്ടില്ല. കേരളം അതിവേഗം ഭീകരവാദികളുടെ താവളമായി മാറുകയാണെന്ന് പറഞ്ഞത് മുന്‍മുഖ്യമന്ത്രി അച്യുതാനന്ദനാണ്. കേരളം ഇസ്ലാമിക് സ്റ്റേറ്റാകാന്‍ പോവുകയാണെന്ന് ആദ്യം പറഞ്ഞത് അച്യുതാനന്ദനാണ്.
വര്‍ഗീയ പ്രീണനം കാരണം കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ തകരുകയാണെന്ന് എ.കെ. ആന്റണിയാണ് പറഞ്ഞത്. യോഗി പറയുമ്പോള്‍ മാത്രം എന്താണിത്ര കഴപ്പ്. പിണറായി വിജയനെ പറയുമ്പോള്‍ ആദ്യം പൊള്ളുന്നത് വി.ഡി സതീശനാണ്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ എം.പിമാരാണ് യോഗിയുടെ പരാമര്‍ശം ചര്‍ച്ചയാക്കണമെന്ന് പറയുന്നത്.
പിണറായി വിജയന്റേത് നല്ല സര്‍ക്കാരാണോ. 50 ശതമാനം കടന്നു കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആരും ഒന്നും മിണ്ടുന്നില്ല. 25 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ടി.പി.ആര്‍ 20 ശതമാനം കടന്നിട്ടില്ല. കേരളത്തിലെ പോസിറ്റിവിറ്റി നിരക്കിനെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല. എത്ര പേര്‍ ചത്തു. എത്ര പേരുടെ മരണം മറച്ചുവെച്ചു.
മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരും ബഹളം വെച്ചപ്പോഴാണ് ആരോഗ്യമന്ത്രി പുതിയ കണക്കുമായി വന്നത്. കേരളത്തിലെ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കോടിക്കണക്കിന് രൂപ കൊള്ളയടിച്ചു,’ എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞിരുന്നത്.
Content Highlights: BJP has become the largest democratic party in the world K. Surendran