| Saturday, 19th October 2024, 8:23 pm

ശോഭയും സുരേന്ദ്രനുമില്ല, പാലക്കാട് സി. കൃഷ്ണകുമാര്‍; ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ഇവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. പാലക്കാട് മണ്ഡലത്തില്‍ സി. കൃഷ്ണകുമാര്‍ മത്സരിക്കും. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നവ്യ ഹരിദാസും ചേലക്കരയില്‍ കെ. ബാലകൃഷ്ണനും ജനവിധി നേരിടും.

ദല്‍ഹിയില്‍ നടന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

നവ്യ ഹരിദാസ് 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. നിലവില്‍ മഹിളാ മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയും കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറുമാണ് നവ്യ ഹരിദാസ്.

തിരുവില്വാമല മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ പഞ്ചായത്തംഗവുമാണ് കെ. ബാലകൃഷ്ണന്‍. കൃഷ്ണകുമാര്‍ മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി പരിഗണിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് നേതൃത്വം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.

കേരളത്തില്‍ ബി.ജെ.പി ഉറ്റുനോക്കുന്ന നിയമസഭാ മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തവണ 3859 വോട്ടുകള്‍ക്കാണ് ഇ. ശ്രീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനോട് തോറ്റത്. പാലക്കാട് ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ബി.ജെ.പിയിലെ ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു.

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും സമാനമായ ആവശ്യം മുന്നോട്ടുവെച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ശോഭയെ തള്ളി സി. കൃഷ്ണകുമാര്‍ പാലക്കാട് സീറ്റ് ഉറപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനും യോഗ്യനാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് അല്‍പ്പായുസ് മാത്രമേയുള്ളൂവെന്നും അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് സംസ്ഥാനത്തെ മാധ്യമങ്ങള്‍ നല്‍കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ഉപതെരഞ്ഞെടുപ്പില്‍ അവസാനമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച പാര്‍ട്ടിയാണ് ബി.ജെ.പി. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് തടസമുള്ളതെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.

Content Highlight: BJP has announced the candidates for the by-elections

We use cookies to give you the best possible experience. Learn more