സ്വാതന്ത്ര്യ സമര സേനാനികളോട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് പുച്ഛം; സവര്‍ക്കറുടെ ചിത്രമുള്ള കുടക്കെതിരെ മന്ത്രി രാധാകൃഷ്ണന്‍ രംഗത്തുവന്നത് രാജ്യദ്രോഹ നടപടിയെന്ന് ബി.ജെ.പി
Kerala News
സ്വാതന്ത്ര്യ സമര സേനാനികളോട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് പുച്ഛം; സവര്‍ക്കറുടെ ചിത്രമുള്ള കുടക്കെതിരെ മന്ത്രി രാധാകൃഷ്ണന്‍ രംഗത്തുവന്നത് രാജ്യദ്രോഹ നടപടിയെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th May 2022, 10:51 pm

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ചമയ പ്രദര്‍ശനത്തില്‍ നിന്ന് സവര്‍ക്കറുടെ ചിത്രമുള്ള കുട ഒഴിവാക്കിയില്‍ പ്രതിഷേധവുമായി ബി.ജെ.പി. സ്വാതന്ത്ര്യ സമര സേനാനികളോട് എന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് പുച്ഛമായിരുന്നുവെന്നും അതിന്റെ ഭാഗം തന്നെയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന എതിര്‍പ്പെന്നും ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി(ആസാദി കാ അമൃത് വര്‍ഷ്) ഇത്തവണത്തെ കുടമാറ്റത്തിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ഉള്‍പ്പെടുത്തി പാറമേക്കാവ് ദേവസ്വം തയ്യാറാക്കിയ സ്‌പെഷ്യല്‍ കുടകള്‍ക്കെതിരെ മന്ത്രിൂനും സി.പി.ഐ.എമ്മും രംഗത്ത് വന്നത് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലും തികഞ്ഞ രാജ്യദ്രോഹ നടപടിയുമാണ്.

ക്ഷേത്രകാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരുടെ ഭീഷണിക്ക് വഴങ്ങരുതെന്നും പാറമേക്കാവ് ദേവസ്വം എടുക്കുന്ന ഏത് തീരുമാനത്തെയും ബി.ജെ.പി പിന്തുണയ്ക്കുമെന്നും കെ.കെ. അനീഷ് കുമാര്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃത് വര്‍ഷിന്റെ ഭാഗമായിട്ടാണ് ഇത്തവണത്തെ കുടമാറ്റത്തിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ഉള്‍പ്പെടുത്തിയത്. സി.പി.ഐ.എമ്മിന്റെയും ദേവസ്വം മന്ത്രിയുടെയും നീക്കം സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലും തികഞ്ഞ രാജ്യദ്രോഹ നടപടിയുമാണ്.

രണ്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ആന്‍ഡമാനില്‍ ജയില്‍വാസം അനുഭവിച്ച വീര സവര്‍ക്കറെ വിമര്‍ശിക്കാന്‍ കമ്മ്യൂണിസ്റ്റുകാരുടെ യോഗ്യതയെന്താണെന്ന് രാധാകൃഷ്ണന്‍ വ്യക്തമാക്കണമെന്നും അനീഷ് കുമാര്‍ പറഞ്ഞു.

ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തതും സുഭാഷ് ചന്ദ്ര ബോസിനെ ജപ്പാന്റെ ചെരിപ്പ് നക്കിയെന്ന് വിളിച്ച് ആക്ഷേപിച്ചതും, ഗാന്ധിജി ഇന്ത്യയെ എന്താക്കി മാന്തി മാന്തി പുണ്ണാക്കി എന്ന് മുദ്രാവാക്യം വിളിച്ചതും, സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചതും, സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത് ബ്രിട്ടീഷുകാരെ സഹായിച്ചതുമാണ് കമ്മ്യൂണിസ്റ്റുകാരുടെ സ്വാതന്ത്ര്യ സമര ചരിത്രം. ഇത്തരക്കാര്‍ക്ക് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ ചിത്രം കാണുന്നത് തന്നെ അസഹിഷ്ണുതയുണ്ടാക്കുന്നത് സ്വാഭാവികമാണെന്നും കെ.കെ. അനീഷ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സവര്‍ക്കറെ രാജ്യത്തിന്റെ മഹാനായ പുത്രന്‍ എന്ന് വിശേഷിപ്പിച്ചതും ജന്മദിനം സമുചിതമായി ആഘോഷിക്കാന്‍ തീരുമാനിച്ചതും പാര്‍ലമെന്റില്‍ ഛായാചിത്രം സ്ഥാപിച്ചതും ഇന്ദിരാഗാന്ധിയാണെന്ന ചരിത്രം കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഓശാന പാടുന്ന കോണ്‍ഗ്രസുകാര്‍ പഠിക്കുന്നത് നല്ലതാണ്. പൂരത്തിന് എന്ത് കുടകള്‍ ഉയര്‍ത്തണമെന്ന് തീരുമാനിക്കുന്നത് ദേവസ്വവും ഭക്തന്മാരുമാണ്. രാജ്യദ്രോഹ സമീപനം വെച്ച് പുലര്‍ത്തുന്ന അവിശ്വാസികളായ സി.പി.ഐ.എമ്മുകാര്‍ അനാവശ്യമായി ക്ഷേത്രകാര്യങ്ങളില്‍ ഇടപെട്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. പാറമേക്കാവ് ദേവസ്വത്തിന്റെ നടപടി ദേശസ്നേഹ പ്രേരിതവും ശ്ലാഘനീയവുമാണെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.