തിരുവനന്തപുരം: ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.
ഇന്നത്തെ ഹര്‍ത്താലോടെ സംസ്ഥാനത്ത് അഞ്ചുമാസത്തിനുള്ളില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താലുകളുടെ എണ്ണം ഇരുപതിനോടടുക്കുകയാണ്. അതേസമയം തിരുവനന്തപുരത്തെ ഹര്‍ത്താല്‍ ഭാഗികമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദല്‍ഹി എ.കെ.ജി ഭവനില്‍ കയറി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ സംഘപരിവാര്‍ കയ്യേറ്റം നടത്തിയതിന് പിന്നാലെയാണ് ബോംബേറുണ്ടായതെന്നാണ് ബി.ജെ.പിക്കാര്‍ ആരോപിക്കുന്നത്.
ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ജില്ലാ കമ്മറ്റി ഓഫീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞതെന്നും ഈ നേരത്ത് ഓഫീസില്‍ ആളുകളുണ്ടായിരുന്നില്ലെന്നും ഹെല്‍മറ്റ് ധരിച്ചാണ് ബോംബെറിഞ്ഞവര്‍ എത്തിയതെന്നും അവര്‍ പറയുന്നു. ആ സമയത്ത് ഓഫീസിലെ സി.സി ടിവി ഓഫായിരുന്നെന്നുമാണ് ബി.ജെ.പി നല്‍കുന്ന വിശദീകരണം.
അതേസമയം കോഴിക്കോട് ജില്ലയിലെ സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ ഇന്നലെ വ്യാപകമായ ആക്രമണം തന്നെ നടന്നിട്ടുണ്ട്. വടകരയിലും ഒളവണ്ണയിലുമാണ് അക്രമണങ്ങള്‍ ഉണ്ടായത്. വടകര ഏരിയകമ്മിറ്റി ഓഫിസിന് നേരെയുണ്ടായ അക്രമത്തില്‍ ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
ഇന്നലെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ബി.ജെ.പി കൊടിമരങ്ങള്‍ക്ക് നേരെ അക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം സി.പി.ഐ.എം ജനറല്‍ സെക്രട്ടറിക്ക് നേരെയുണ്ടായ അക്രമണത്തില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. ഇന്ന് പാര്‍ട്ടി നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തുമെന്ന് പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.